ഫ്രീ ഹിറ്റിൽ ബൗൾഡായതിനു ശേഷം ഇന്ത്യ ഓടിയെടുത്ത മൂന്ന് റൺസ്; സൈമൺ ടോഫലിനു പറയാനുള്ളത്
ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം. മുഹമ്മദ് നവസ് എറിഞ്ഞ അവസാന ഓവറിലെ നോ ബോളും ഫ്രീ ഹിറ്റിൽ ഇന്ത്യ ഓടിയെടുത്ത ബൈ റൺസുകളുമൊക്കെ ഡ്രമാറ്റിക് ആയിരുന്നു. ഇതേച്ചൊല്ലി ഒട്ടേറെ ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ഫ്രീ ഹിറ്റിൽ ഇന്ത്യ ഓടിയെടുത്ത മൂന്ന് ബൈ റൺസ്. പന്തിൽ കോലി ബൗൾഡായതിനാൽ ഈ റണ്ണുകൾ അനുവദിച്ചത് തെറ്റായ തീരുമാനമാണെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായങ്ങളുയർന്നു. ഇപ്പോൾ, ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായ, 2004 മുതൽ 2008 വരെ ഐസിസിയുടെ ഏറ്റവും മികച്ച അമ്പയർക്കുള്ള പുരസ്കാരം തുടരെ അഞ്ച് തവണ സ്വന്തമാക്കിയ സൈമൺ ടോഫലും ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്. (simon taufel india pakistan)
Read Also: പാകിസ്താനെതിരായ കിംഗ് കോലി ക്ലാസിക്; ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമായി
മത്സരത്തിൽ അമ്പയർമാർ എടുത്ത തീരുമാനം ശരിയാണെന്നാണ് സൈമൺ ടോഫൽ തൻ്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ കുറിച്ചത്. “പന്ത് സ്റ്റമ്പിൽ കൊണ്ട് തേർഡ്‌മാനിലേക്ക് പോയപ്പോൾ ബാറ്റർമാർ ഓടിയെടുത്ത മൂന്ന് റൺസിൽ ബൈ വിളിച്ച അമ്പയർമാരുടെ തീരുമാനം ശരിയാണ്. ഫ്രീ ഹിറ്റിൽ ബൗൾഡായാൽ പരിഗണിക്കില്ല. അതുകൊണ്ട് തന്നെ ആ പന്ത് സ്റ്റമ്പിൽ തട്ടിയതുകൊണ്ട് ഡെഡ് ആയിട്ടില്ല. അതിനാൽ ബൈ വിളിക്കാനുള്ള തീരുമാനം വളരെ ശരിയാണ്.”- ടോഫൽ കുറിച്ചു.
Simon Taufel puts an end to dead-ball controversy!#INDvsPAK #T20WorldCup #SimonTaufel pic.twitter.com/7WW7Gk0Lal
— Siddharth Thakur (@fvosid) October 24, 2022
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
Read Also: അവസാനിക്കാത്ത വിരാടപർവം
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: simon taufel india pakistan free hit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here