‘ഫയലില്‍ ഒപ്പിടില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോകില്ല’; ഗവര്‍ണര്‍ക്കെതിരെ സിപിഐഎം

ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസിന്റെ ചട്ടുകമായി മാറി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങള്‍ ഉറപ്പായും ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കും. ഫയലില്‍ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോവില്ലെന്നും എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. (cpim leader m v govindan against governor arif muhammed khan)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. വിവാദങ്ങള്‍ക്കിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചിരുന്നു. മന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. അതേസമയം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഒക്ടോബര്‍ 18ന് ധനമന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ബോധപൂര്‍വ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രി കേരളത്തിന്റെ പാരമ്പര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ കത്ത്.
Story Highlights: cpim leader m v govindan against governor arif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here