പ്രഥമ സൗദി ഗെയിംസിന് പ്രൗഢോജ്വല തുടക്കം

പ്രഥമ സൗദി ഗെയിംസിന് പ്രൗഢോജ്വല തുടക്കം. റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ ഫൈസൽ രാജകുമാരൻ അടക്കം പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
മാനുഷികവും സാങ്കേതികവുമായ കഴിവുകൾ സമന്വയിപ്പിച്ച ഉദ്ഘാടന ചടങ്ങ് കാഴ്ചക്കാർക്ക് ദൃശ്യവിസ്മയം സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 200 ക്ലബുകളിലെ 6000 പുരുഷ വനിത താരങ്ങൾ പങ്കെടുത്ത മാർച്ച്പാസ്റ്റ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ കായിക പ്രകടനമായി മാറി ( Saudi Games 2022 ).
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പുതുതലമുറയിലെ കായിക താരങ്ങളെ കണ്ടെത്തുക, കായിക മേഖലയെ അതിന്റെ എല്ലാ അർഥത്തിലും നവീകരിക്കുക തുടങ്ങിയവയാണ് സൗദി ഗെയിംസ് ലക്ഷ്യമിടുന്നതെന്ന് സെന്റർ ഫോർ ക്വാളിറ്റി ലൈഫ് പ്രോഗ്രാം സി.ഇ.ഒ ഖാലിദ് അൽബകർ പറഞ്ഞു. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉന്നത ഭരണ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയാണ് ഇന്ന് നാം അനുഭവിക്കുന്ന മാറ്റത്തിന് വഴിയൊരുക്കുന്നത്. പ്രാദേശികവും ആഗോളവുമായ കായിക മത്സരങ്ങളിൽ രാജ്യത്തിന്റെ പ്രാതിനിധ്യം ഇനി മുതൽ വർധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
45 കായിക ഇനങ്ങളിലാണ് സൗദി ഗെയിംസിൽ കായികതാരങ്ങൾ മത്സരിക്കാനിരിക്കുന്നത്. ഹാൻഡ്‌ബോൾ, ഫുട്‌സൽ, ജൂഡോ, ഗുസ്തി, തായ്‌ക്വോണ്ടോ, കരാട്ടെ, ജിയുജിറ്റ്‌സു, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, അമ്പെയ്ത്ത്, മ്യു തായ്, ബോക്‌സിംഗ്, ബൗളിംഗ്, നീന്തൽ, തുഴച്ചിൽ, ടേബിൾ ടെന്നിസ്, ബാഡ്മിന്റൺ, ട്രയാത്‌ലൺ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, അത്‌ലറ്റിക്‌സ്, ഭാരോദ്വഹനം, ഫെൻസിംഗ്, സ്‌കേറ്റ്‌ബോർഡിംഗ്, പാഡിൽ ബോർഡ്, ചെസ്, ഒട്ടകയോട്ടം, കുതിരയോട്ടം, ബീച്ച് വോളിബോൾ, സ്‌പോർട്‌സ് ക്ലൈംബിംഗ്, സൈക്ലിംഗ്, ഗോൾഫ്, മൊബൈൽ പബ്ജി, ബില്യാർഡ്‌സ്, ടെന്നിസ്, കാർട്ടിംഗ്, വിൻഡ് സർഫിംഗ്, ഗോൾ ബോൾ, പാരാലിമ്പിക് ടേബിൾ ടെന്നിസ്, പാരാലിമ്പിക് ഭാരോദ്വഹനം, അത്‌ലറ്റിക്‌സ്, വീൽചെയർ ബാസ്‌കറ്റ് ബോൾ തുടങ്ങിയവയാണ് മത്സര ഇനങ്ങൾ.
Read Also: അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്
മിഡിൽ ഈസ്റ്റിലെ ഒരു നഗരത്തിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക ഇനമായി സൗദി ഗെയിംസ് മാറും. റിയാദ് നഗരത്തിലുടനീളം 20 സ്ഥലങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം, പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ഒളിംപിക് കോംപ്ലക്‌സ്, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, റിയാദ് ക്ലബ്, അൽനസർ ക്ലബ്, അൽഹിലാൽ ക്ലബ്, അർകാൻ സ്‌പോർട്‌സ് സെന്റർ, ഫാൻ സോൺ, പാഡിൽ ഇൻ, റിയാദ് ബുളവാഡ്, ബ്ലാക്ക് ഡയമണ്ട് സെന്റർ, റിയാദ് ഗോൾഫ് ക്ലബ്, ദീറാബ് കാർട്ടിംഗ് സ്‌ക്വയർ, ഷമ്മാസ് സൗദി മീഡിയ സിറ്റി, ജുബൈൽ മറൈൻ സ്‌പോർട്‌സ് ക്ലബ്, സൗദി ടെന്നിസ് ഫെഡറേഷൻ, റുമാഹ് ഒട്ടകക്കളം, പബ്ലിക് സെക്യൂരിറ്റി ഷൂട്ടിംഗ് ഫീൽഡ്, ജനാദ്രിയയിലെ ഇക്വസ്ട്രിയൻ ക്ലബ് എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. സൈക്കിളിംഗ് നഗരത്തിലെ ചില റോഡുകളിലാണ് സംഘടിപ്പിക്കുക.
2000 ത്തിലധികം പുരുഷ – വനിത കായിക താരങ്ങൾക്ക് പരിശീലനത്തിന് സൗദി ഗെയിംസ് വേദിയൊരുക്കും. ഒളിംപിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകക്ക് കീഴിൽ പങ്കെടുക്കുന്ന വ്യക്തികളുടെ വിഭാഗത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 6000 ലധികം കായിക താരങ്ങളുടെയും 2000 സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർമാരുടെയും പങ്കാളിത്തത്തിന് ടൂർണമെന്റ് സാക്ഷ്യം വഹിക്കും.
Story Highlights: Saudi Games 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here