പ്രഥമ കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി കുഞ്ഞിരാമൻ

പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമൻ. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം സ്വീകരിക്കില്ലെന്ന് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ശില്‍പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും കാനായി കുറ്റപ്പെടുത്തി. ശംഖുമുഖത്തെ ‘സമുദ്രകന്യക’ ശില്‍പ്പത്തിന് സമീപം ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. ഇതിലുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടും നടപടിയായില്ലെന്ന് കാനായി ആരോപിച്ചു.
പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. എം.ടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.
Story Highlights: kanayi kunhiraman rejected the first Kerala Shri award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here