Advertisement

‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം, പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്ന് മുഖ്യമന്ത്രി നാണംകെട്ടു’: കെ സുധാകരന്‍ എംപി

15 hours ago
Google News 2 minutes Read

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞത്.

പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് ബിജെപിയെ സ്വാധീനിച്ച് മാസപ്പടി കേസില്‍നിന്ന് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രമായിരുന്നു. കേരള ഹൗസില്‍ വച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ബിജെപി ഗവര്‍ണര്‍മാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയുടെയും തുടര്‍ച്ചയായിട്ടാണ് പ്രധാനമന്ത്രിക്കു മാത്രം ചുവന്ന പരവതാനി വിരിച്ചത്.

എന്നാല്‍ ഇക്കാര്യം പുറത്തുവന്നതോടെ സര്‍ക്കാരിനു തിരുത്തേണ്ടി വന്നു. 2023 ഒക്ടോബറില്‍ ആദ്യ കപ്പല്‍ ക്രെയിനുമായി വന്നപ്പോള്‍ സര്‍ക്കാര്‍ നടത്തിയ ആഘോഷത്തിനിടയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയന്‍ ഇത്തവണ ആ തെറ്റുതിരുത്തണം. പദ്ധതിയുടെ ശില്പി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

തുറമുഖ പദ്ധതിയെ തുറന്നെതിര്‍ക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തിട്ടും 2015ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചിരുന്നു. 5500 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കുകയും വിജിലന്‍സിനെക്കൊണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തിക്കുകയും ചെയ്ത ശേഷമാണ് ‘വിഴിഞ്ഞം വിജയന്റെ വിജയഗാഥ’ എന്ന മട്ടില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

കുടുംബസമേതം വരെ തുറമുഖത്തെത്തി ക്രെഡിറ്റെടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ സാധിക്കാത്ത പിണറായി വിജയനെയാണ് സൂര്യന്‍, ചന്ദ്രന്‍, അര്‍ജുനന്‍, യുദ്ധവീരന്‍, കപ്പിത്താന്‍, ക്യാപ്റ്റന്‍ എന്നൊക്കെ സിപിഐഎം അടിമകള്‍ അഭിസംബോധന ചെയ്യുന്നത്.

‘5000 കോടിയുടെ ഭൂമി തട്ടിപ്പും കടല്‍ക്കൊള്ളയും’, ‘മത്സ്യബന്ധനത്തിന് മരണമണി’, ‘കടലിന് കണ്ണീരിന്റെ ഉപ്പ്’, തുടങ്ങിയ തലക്കെട്ടുകള്‍ നിരത്തിയ പാര്‍ട്ടി പത്രം 2023ല്‍ ആദ്യത്തെ കപ്പല്‍ എത്തിയപ്പോള്‍ എഴുതിയത് ‘തെളിഞ്ഞത് സര്‍ക്കാരിന്റെ ഇച്ഛാശക്തി’ എന്നായിരുന്നു. ഇത്രയെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തിയശേഷം ഒരുളുപ്പിമില്ലാതെ ഇതെല്ലാം വിജയന്റെ വിജയഗാഥയായി പ്രചരിപ്പിക്കാന്‍ സിപിഐഎമ്മിനു മാത്രമേ കഴിയൂ. മാപ്പ് എന്നൊരു വാക്കെങ്കിലും ഉദ്ഘാടന ദിവസം പിണറായി വിജയനില്‍നിന്നു കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran against Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here