നോർക്ക റൂട്ട്സിൽ മലയാള ഭാഷാ ദിനാചരണം സംഘടിപ്പിച്ചു
മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നോർക്ക റൂട്ട്സ് ആസ്ഥാനത്ത് മലയാള ഭാഷാ സമ്മേളനം നടന്നു. കവി പ്രൊഫ വി മധുസൂദനൻനായർ മുഖ്യാതിഥിയായിരുന്നു. അന്യഭാഷാ പദങ്ങൾക്ക് പരിഭാഷ തേടുമ്പോൾ മലയാളത്തനിമയുള്ള പദങ്ങൾ കണ്ടെത്തി ഉപയോഗിക്കാൻ ഭാഷാ സ്നേഹികൾ ശ്രദ്ധിക്കണമെന്ന് ഭാഷാദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കാര്യങ്ങൾക്ക് ഇംഗ്ലീഷ് മാതൃക കൾ സ്വീകരിക്കുമ്പോൾ മലയാളത്തിന്റെ സ്വത്ത്വവും അന്തസത്തയും പലപ്പോഴും നഷ്ടപ്പെടുന്നുണ്ട്. അന്യഭാഷകളെ ബഹുമാനിക്കുന്നതിനോടൊപ്പം മാതൃഭാഷയെ
തെറ്റില്ലാതെ ഉപയോഗിക്കാൻ മലയാളികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ജീവനക്കാർക്ക് ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, അഡ്മിനിസ്റ്റേറ്റീവ് ഓഫീസർ ബി ശിവദാസ്, ഫിനാൻസ് മാനേജർ ദേവരാജൻ, അസി.മാനേജർ ശ്രീലത, അനിൽ കുമാർ എന്നിവർ സംസാരിച്ചു. മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും പരിപാടികളും നോർക്ക റൂട്ട്സ് ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബർ ഏഴിന് സമാപനച്ചടങ്ങോടെ വാരാഘോഷങ്ങൾ അവസാനിക്കും.
Story Highlights: Malayalam Language Day was organized at Norka Roots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here