നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് തിരുത്തിക്കൂടേ; വിസിമാരോട് ഹൈക്കോടതി

നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് തിരുത്തിക്കൂടേയെന്ന് വിസിമാരോട് ഹൈക്കോടതി. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാലാവധി ഹൈക്കോടതി നീട്ടിനല്‍കി. നോട്ടീസിനെതിരേ വി.സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ഇതിനായി ഏഴാം തീയതി വരെ സമയം നല്‍കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഹൈക്കോടതി നടപടി. തിങ്കളാഴ്ച അഞ്ചുമണിവരെയാണ് ചാന്‍സലര്‍ സമയം അനുവദിച്ചിരുന്നത്. ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
വിസിമാര്‍ക്ക് പറയാനുള്ളത് ചാന്‍സിലറോട് പറയണം. ചാന്‍സിലര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുമെന്ന മുന്‍വിധി വേണ്ട. എതിർവാദങ്ങളും നേരിട്ട് ചാൻസലറോട് ഉന്നയിച്ചുകൂടെയെന്നും കോടതി ചോദിച്ചു. ക്രമക്കേടുണ്ടെങ്കില്‍ നിയമനം നിലനില്‍ക്കില്ല. സുപ്രീംകോടതി വിധി പ്രകാരം ഇടപെടാന്‍ അധികാരം ഉണ്ടെന്ന് ഗവര്‍ണറും വാദിച്ചു.
യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വി.സിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ 11 വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍, സര്‍വകലാശാലാ ചട്ടപ്രകാരം ചാന്‍സലര്‍ക്ക് ഇക്കാരണത്താല്‍ വി.സിമാരെ പുറത്താക്കാനാകില്ലെന്ന് കാണിച്ചാണ് ഏഴു പേര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: If there is a mistake in the appointment, do not correct the governor; High Court to VCs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here