‘ഭാര്യ പോലും ഒരുഘട്ടത്തിൽ ഇറങ്ങിപ്പോയി’; മഅ്ദനിയെ പരിഹസിച്ച യൂത്ത് ലീഗ് നേതാവിന്റെ നിലപാട് ലീഗിന്റെ അഭിപ്രായമാണോ?; പി.ഡി.പി

മഅ്ദനിയെ ആക്ഷേപിച്ചും പരിഹസിച്ചും സംസാരിച്ച യൂത്ത് ലീഗ് നേതാവിന്റെ നിലപാട് മുസ്ലിം ലീഗിന്റെ നിലപാടാണോയെന്ന് പാണക്കാട് സാദിഖലി തങ്ങൾ വിശദീകരിക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. മലപ്പുറം ചെമ്മാട് നടന്ന മുസ്ലിം ലീഗിന്റെ പൊതുസമ്മേളന വേദിയിലാണ് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബു മഅ്ദനിക്കും കുടുംബത്തിനുമെതിരെ വിവാദ പരാമർശം നടത്തിയത്. ഗുരുതരമായ രോഗങ്ങളാൽ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും ഇത്തരക്കാരെ തെരുവിൽ നേരിടുമെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി പറഞ്ഞു. ( mocking Abdul Nazer Mahdani PDP against Faizal babu ).
ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറല്ലാത്തതിനാലാണ് മഅദനി കാൽ നൂറ്റാണ്ടോളമായി തടവിൽ കഴിയുന്നത്. ഒൻപതര വർഷമാണ് കോയമ്പത്തൂർ ജയിലിൽ അദ്ദേഹം കഴിഞ്ഞത്. ബാംഗ്ളൂർ സ്ഫോടന കേസ് കെട്ടിച്ചമച്ചതാണെന്നും മഅദനി നിരപരാധിയാണെന്നും ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് വിചാരണ വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോയതെന്നും നൗഷാദ് തിക്കോടി പറഞ്ഞു.
Read Also: ശാരീരിക അസ്വസ്ഥത; അബ്ദുള്‍ നാസര്‍ മഅ്ദനിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഫാസിസം അതിന്റെ രൗദ്രഭാവങ്ങളോടെ ഉറഞ്ഞുതുള്ളുമ്പോൾ പോലും മഅദനിയുടേയും കുടുംബത്തിന്റെയും ചോരയും പച്ച മാംസവുമാണ് ലീഗിന് പഥ്യം എന്നത് പൊതുസമൂഹം തിരിച്ചറിയണം. രോഗിയായ പിതാവിനെ കാണാൻ പോലും അനുമതിയില്ലാതെ രോഗങ്ങളാൽ ക്ലേശപ്പെട്ട് കഴിയുന്നയാളെ പരിഹസിക്കുന്നത് ക്രൂരമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മഅദനിയെ സന്ദർശിച്ച് പി.ഡി.പി പിന്തുണ ഉറപ്പാക്കുന്ന ലീഗ് നേതൃത്വം കവല പ്രാസംഗികർക്ക് ഇക്കാര്യം പറഞ്ഞു കൊടുക്കണം. അപവാദ പ്രചരണം തുടരാനാണ് ഭാവമെങ്കിൽ അവരെ തെരുവിൽ നേരിടുമെന്നും നൗഷാദ് കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ നിങ്ങൾക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല, വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കൾ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തിൽ ഇറങ്ങിപ്പോയി, തിരൂരങ്ങാടി തെരുവിലൂടെ കരിമ്പൂച്ചകളുടെ അകമ്പടിയോടെ കടന്നുപോയ ജാഥ കണ്ടിട്ടുള്ളവരേ… ആ മനുഷ്യന്റെ ദയനീയ സ്ഥിതി ഈ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററിൽ നിങ്ങൾ കാണുന്ന ചിത്രമില്ലേ അതുപോലെയാണ്.’ ഇത്തരത്തിലായിരുന്നു ഫൈസൽ ബാബുവിന്റെ വിവാദ പ്രസംഗം.
Story Highlights: mocking Abdul Nazer Mahdani PDP against Faizal babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here