Advertisement

ആറുവയസുകാരനെ മര്‍ദിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി

November 4, 2022
Google News 2 minutes Read
will check police lapse on 6 year old boy attacked thalassery

തലശേരിയില്‍ കുട്ടിയെ മര്‍ദിച്ച കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. വീഴ്ച അന്വേഷിക്കാന്‍ എഡിജിപി അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനില്‍കാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസിന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് തലശേരി എഎസ്പി നിധിന്‍ രാജ് പറഞ്ഞു. കുട്ടിക്ക് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ പൊലീസ് ഇടപെട്ടു. ഏത് വാഹനമാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞ ഉടനെ നടപടികളെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. നിയമവഴിയേ തന്നെ മുന്നോട്ടുപോകുമെന്നും എഎസ്പി പറഞ്ഞു.

കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതിനിടയില്‍ കാറില്‍ തൊട്ട ശേഷം കുട്ടി കാറില്‍ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

മര്‍ദനം കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞിട്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചു. പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരിക്കിയെങ്കിലും ഇന്നലെ കേസെടുക്കാതെ മടക്കി അയച്ചു. ഇന്ന് രാവിലെ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് രാവിലെ തന്നെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി, കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Story Highlights: will check police lapse on 6 year old boy attacked thalassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here