ഇലന്തൂർ ഇരട്ട നരബലി: കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ എന്ന് സ്ഥിരീകരണം
ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം പുറത്ത് വന്നിരുന്നു. (Elanthoor Double Human Sacrifice: One of the victims confirmed as Roslyn)
റോസ്‌ലിന്റെതെന്ന് കരുതുന്ന 11 മൃതദേഹ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. ഇതിൽ ഏതാനും ഭാഗങ്ങളുടെ പരിശോധന പൂർത്തിയായി. ആദ്യ ഡി.എൻ.എ പരിശോധനഫലമാണ് ഇപ്പോൾ പൊലിസിന് ലഭിച്ചത്. ഇതോടെ ആദ്യം കൊല്ലപ്പെട്ടത് റോസ്‌ലിനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അതേസമയം കേസിൽ കുറ്റപത്രം ഡിസംബർ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബർ 12 നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂർത്തിയാക്കി. തുടർന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കുകയും നവംബർ 19 വരെ റിമാൻഡിൽ വിടാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽസിംഗിനെയും വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലേക്കുമാണ് മാറ്റിയത്.
Story Highlights: Elanthoor Double Human Sacrifice: One of the victims confirmed as Roslyn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here