‘രാഹുൽ ഗാന്ധി എവിടെ? തോൽക്കുമെന്ന് അറിയാം, അതാണ് വിട്ടുനിൽക്കുന്നത്’; രവിശങ്കർ പ്രസാദ്
രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. തോൽവി ഭയന്നാണ് രാഹുൽ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പാർട്ടി നേരിടാൻ പോകുന്ന പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. (Rahul Gandhi staying away from Himachal Pradesh because of fear of defeat: Ravi Shankar Prasad)
“രാഹുൽ ഗാന്ധി എവിടെയാണ്?, അദ്ദേഹം (ഭാരത് ജോഡോ) യാത്രയിലാണ്, എന്നാൽ ഹിമാചലിനോട് എന്തിനാണ് ഇത്ര നിസ്സംഗത? ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും, എന്നാൽ രാഹുലിനെയോ അമ്മയെയോ (സോണിയാ ഗാന്ധി) ഇവിടെ കണ്ടില്ല” – പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം രാഹുൽഗാന്ധിക്കുണ്ടെന്നും അതുകൊണ്ടാണ് സംസ്ഥാനത്തെ തിരിഞ്ഞ് നോക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“എന്നാലും എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഹിമാചലിൽ പ്രചാരണം നടത്താത്തത്? കോൺഗ്രസ് പാർട്ടിക്ക് തോൽവി ഭയമാണോ? അതിന് കാരണങ്ങളുണ്ട്, ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപി ആറ് സീറ്റുകളിൽ നാലെണ്ണത്തിൽ വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല, തോൽക്കുകയും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടമാവുകയും ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.
“ജയവും പരാജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. അവരുടെ(കോൺഗ്രസ്) നേതാക്കൾ ഹിമാചൽ തിരിച്ചു പിടിക്കുമെന്ന് പറയുന്നു. എന്നാൽ ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി ആളുകളുമായി ബന്ധപ്പെടുമ്പോൾ, അവർ വിട്ടുനിൽക്കും. ഇത് എന്ത് തരം രാഷ്ട്രീയമാണ്? അതിനാൽ ഫലം എന്തായിരിക്കുമെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വരുന്നില്ലെന്ന് ഞാൻ വ്യക്തമായി വിശ്വസിക്കുന്നത്” അദ്ദേഹം വ്യക്തമാക്കി.
Story Highlights: Rahul Gandhi staying away from Himachal Pradesh because of fear of defeat: Ravi Shankar Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here