ജോലിക്ക് പ്രവേശിക്കാന്‍ കാനഡയിലെത്തി; തൊട്ടുപിന്നാലെ ഇന്ത്യന്‍ യുവാവിനെ പിരിച്ചുവിട്ട് മെറ്റ

മെറ്റയില്‍ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറി രണ്ട് ദിവസത്തിന് ശേഷം ഇന്ത്യന്‍ വംശജനായ ജീവനക്കാരനെ പുറത്താക്കി മെറ്റ. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പിരിച്ചുവിട്ട 11,000ലേറെ ജീവനക്കാരില്‍ ഒരാളാണ് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഹിമാന്‍ഷു വി.
ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള ബിരുദധാരിയാണ് ഹിമാന്‍ഷു. എന്താണ് തന്നെ പിരിച്ചുവിട്ടതെന്നോ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോ തനിക്ക് ഒന്നുമറിയില്ലെന്നാണ് പിരിച്ചുവിടലിന് പിന്നാലെ ഹിമാന്‍ഷുവിന്റെ പ്രതികരണം. മെറ്റയില്‍ ജോലിക്ക് ചേരാനാണ് രണ്ട് ദിവസം മുന്‍പ് താന്‍ കാനഡയിലേക്ക് സ്ഥലം മാറിയതെന്നും എന്നാല്‍ പിരിച്ചുവിടല്‍ തന്നെയും ബാധിച്ചപ്പോള്‍ അതിനുള്ള തന്റെ യാത്ര അവസാനിച്ചുവെന്നും ഹിമാന്‍ഷു പ്രതികരിച്ചു.
‘ഇനി അടുത്തതായി എന്താണ്? സത്യസന്ധമായും മറ്റൊരാശയവും മുന്നിലില്ല. അടുത്തതായി എന്ത് സംഭവിച്ചാലും അതിനായി കാത്തിരിക്കുന്നു’. യുവാവ് കുറിച്ചു. ഈ വിഷമകരമായ സാഹചര്യത്തെ നേരിടുന്ന എല്ലാവര്‍ക്കുമൊപ്പമാണ് എന്റെയും ഹൃദയം. കാനഡയിലോ ഇന്ത്യയിലോ ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ എന്നെ അറിയിക്കുക എന്നും ഹിമാന്‍ഷു ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ച പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ
മെറ്റയില്‍ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് നിലവിലെ തീരുമാനം. 11,000 ലേറെ പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ മെറ്റാ ഇതിന് മുന്‍പ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.
സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന. ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Story Highlights:meta fired Indian employee two days after relocating to Canada