വോട്ടവകാശത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാകണം; കമല്‍ഹാസന്‍

വോട്ടവകാശത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. പാര്‍ട്ടി കേഡര്‍മാര്‍ക്കെഴുതിയ കത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങള്‍ പങ്കാളികളാകേണ്ടതിന്റെയും വോട്ട് രേഖപ്പെടുത്തുന്നതിന്റെയും പ്രാധാന്യം കത്തില്‍ കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ വോട്ടര്‍പട്ടികയുടെ കരട് പുറത്തിറക്കിയതായും അദ്ദേഹം പറഞ്ഞു. ആധാര്‍ പുതുക്കല്‍, വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍/ഇല്ലാതാക്കല്‍/ഇപിഐസി/എന്‍ട്രികളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവയ്ക്കായും സാധാരണക്കാരെ പ്രാപ്തരാക്കണമെന്ന് കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സഹായിക്കണം. വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ നേതാക്കളാണെന്നും ജനസേവകരെ തെരഞ്ഞെടുക്കുന്നത് അവരാണെന്നും മക്കള്‍ നീതി മയ്യം സ്ഥാപകന്‍ പറഞ്ഞു.
‘നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളികളാവുകയും വേണം. രാഷ്ട്രീയത്തിലും സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജനാധിപത്യത്തിലൂടെ മാത്രമേ സാധിക്കൂ. അതിന് വോട്ടെടുപ്പാണ് ആദ്യപടി’. കമല്‍ പറഞ്ഞു.
Story Highlights: People should be aware of the right to vote says Kamal Haasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here