Advertisement

‘ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’; സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

November 10, 2022
3 minutes Read

നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ സംഘടിപ്പിക്കുന്ന ലഹരിമുക്ത കേരളം രണ്ടാഘട്ട ക്യാമ്പയിനില്‍ വ്യത്യസ്തമായ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.(say no to drugs campaign of kerala government)

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും.

മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം ഇതിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം ഇതിന്റെ ഭാഗമായി നടത്തും.ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

അവിടെ ചികിത്സക്കെത്തുന്ന കുട്ടികളെ രഹസ്യമായി ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളില്‍ വലിയതോതില്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗണ്‍സിലര്‍മാര്‍ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ നല്ല രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് മുഴുവന്‍ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയും ഊര്‍ജ്ജിതമാക്കണം.’നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ ഭാഗമായി പോലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കണം. മൂന്ന് മാസത്തിലൊരിക്കല്‍ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം.വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കാന്‍ എക്‌സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.5 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും.അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാര്‍ത്ഥികളുടെ സഭകള്‍ ചേരണം.

ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഗാന്ധിജയന്തി ദിനം മുതല്‍ കേരളപ്പിറവി ദിനം വരെ നടപ്പിലാക്കിയ വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പയിനിന്റെ ഉള്ളടക്കം, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ മുതലായവ ക്ലാസ് സഭകളില്‍ ചര്‍ച്ച ചെയ്യണം. സ്‌കൂള്‍ പാര്‍ലമമെന്റ് / കോളേജ് യൂണിയന്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം.2022 ഡിസംബര്‍ 4 മുതല്‍ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. ഈ ദിവസങ്ങളില്‍ കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഡിസംബര്‍ 9ാം തീയതി മുഴുവന്‍ ക്ലാസ്‌റൂമുകളിലും കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കണം. കുട്ടികള്‍ തന്നെയാകണം വായന നടത്തേണ്ടത്.മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. മുഴുവന്‍ തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലും സ്‌കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വൈകുന്നേരം ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന കവല യോഗങ്ങള്‍ സംഘടിപ്പിക്കണം. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, വിമുക്തി ക്ലബ് മുതലായവയുടെ സംഘാടന പങ്കാളിത്തം ഉറപ്പാക്കണം. കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ മുതലായവയെ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണി ചേര്‍ക്കണം.

കൃത്യമായ ആസൂത്രണവും ചിട്ടയായ സംഘാടനവും ഇതിന് ആവശ്യമായി വരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കവലയോഗങ്ങള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതിയുടെ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണം. തുടര്‍ന്ന് വാര്‍ഡുതല സമിതികള്‍ പ്രത്യേക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.2023 ജനുവരി 26 ന് ക്ലാസ് സഭകള്‍ നടത്തും. ഈ വര്‍ഷത്തെ പ്രവര്‍ത്തനാവലോകനം, അവധിക്കാലത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍, അടുത്ത അക്കാദമിക വര്‍ഷാരംഭത്തില്‍ നടത്തേണ്ട പ്രവര്‍ത്തനാസൂത്രണം എന്നിവ നടത്തണം. ലഹരിമുക്ത ക്യാമ്പസിനായുള്ള സ്‌കൂള്‍/കോളേജുതല തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാനിന് ക്ലാസ് സഭകള്‍ അംഗീകാരം നല്‍കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വിപുലീകൃത യോഗം സംഘടിപ്പിക്കും. ഈ യോഗത്തില്‍ കുട്ടികള്‍ക്ക് നല്‍കിയ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റ് / ഫഌഷ് മോബ് / സംഗീതശില്പം / നാടകം/ ചൊല്‍ക്കാഴ്ച മുതലായ രംഗാവിഷ്‌ക്കാരങ്ങളുടെ അവതരണം നടത്തണം. ഒന്നു മുതല്‍ 3 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള പരിപാടികളായി ആസൂത്രണം ചെയ്യാവുന്നതാണ്. സമയവും വേദിയും തദ്ദേശ സ്വയംഭരണതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി നിശ്ചയിക്കണം.സ്‌കൂള്‍ / കോളേജുതല ലഹരിവിരുദ്ധ തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന് കൈമാറുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ആന്റി നാര്‍ക്കോട്ടിക് ദിനമായ 2023 ജൂണ്‍ 26 മുതല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി 26 നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു.

Story Highlights: say no to drugs campaign of kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top