Advertisement

കിളികൊല്ലൂരിലെ പൊലീസ് മർദനം; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികനും സഹോദരനും ഹൈക്കോടതിയിൽ

November 11, 2022
Google News 1 minute Read
Kilikollur Police beating Soldier in High Court

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച സംഭവത്തിൽ മർദനമേറ്റ യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പൊലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് യുവാക്കളുടെ ആവശ്യം. ഹര്‍ജി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ പൊലീസിനെതിരെ സൈനികന്റെ സഹോദരൻ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദനമെന്നും വിഘ്‌നേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരുക്കേറ്റത്.

സൈനികൻ വിഷ്ണുവിന്റെ സഹോദരൻ വിഘ്‌നേഷിന്റെ വാക്കുകൾ

‘മാധ്യമങ്ങളെ അടക്കം എല്ലാവരെയും അവർ പറ്റിക്കുകയായിരുന്നു. എന്റെയും ചേട്ടന്റെയും ജീവിതം അവർ നശിപ്പിച്ചു. സ്‌റ്റേഷനിലെ മണികണ്ഠൻ എന്ന പൊലീസുകാരൻ വിളിച്ചതിന്റെ ഫോൺ റെക്കോർഡിങ്്‌സ് കയ്യിലുണ്ട്. ജാമ്യത്തിനായി സ്‌റ്റേഷനിൽ പോയപ്പോൾ എംഎഡിഎംഎ കേസാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ പിന്മാറി. അക്കാര്യം അയാൾക്കും അറിയാവുന്നതാണ്.

സ്റ്റേഷനിൽ നിന്ന് തിരിച്ചുപോകുമ്പോഴാണ് വഴിയിൽ ആക്‌സിഡന്റ് പറ്റിയ ഒരമ്മയെ കണ്ടതും അവരെ ഓട്ടോയിൽ കയറ്റുകയും ചെയ്തത്. അന്നവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരൻ മദ്യപിച്ചുണ്ടാക്കിയ പ്രശ്‌നത്തിൽ അയാളെ മറ്റു പൊലീസുകാർ സപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഞങ്ങളെ ഉപദ്രവിച്ചത്.

സൈനികനാണെന്ന് പറഞ്ഞപ്പോൾ തന്നെ ചേട്ടന്റെ ചെകിട്ടത്തടിച്ചു. ഷർട്ടും വലിച്ചുകീറി. എന്റെ ഫോൺ പിടിച്ചുവാങ്ങി. ശേഷം എസ്‌ഐയുടെ അടുക്കലേക്ക് കൊണ്ടുപോയി അവരും മർദിച്ചു. ചേട്ടനെ ബലം പ്രയോഗിച്ച് മർദിച്ചതിനിടെ രണ്ടുപേരും നിലത്തുവീണാണ് പൊലീസുകാരന്റെ നെറ്റി മുറിഞ്ഞത്. അനീഷും സിഐ വിനോദും ഓടിവന്ന് ചേട്ടന്റെ മുണ്ട് വലിച്ചൂരി, തല ലോക്ക് ചെയ്ത്, ക്യാമറ ഇല്ലാത്തിടത്തേക്ക് കൊണ്ടുപോയി. മറ്റൊരു പൊലീസുകാരൻ വന്ന്, സാറേ ഇവനുമുണ്ടെന്ന് പറഞ്ഞ് എന്നെ ചൂണ്ടിക്കാട്ടി. അപ്പോൾ തുടങ്ങിയ അടിയാണ്. പട്ടിയെ പോലെ ഞങ്ങളെ തല്ലിച്ചതച്ചു.

എസ്‌ഐ അനീഷ് പക്കാ ഗുണ്ടയെ പോലെയാണ് പെരുമാറിയത്. ചേട്ടന്റെ കാഞ്ചി വലിക്കുന്ന വിരൽ അടിച്ചുപൊട്ടിച്ചു. എന്റെ നാല് കൈവിരലുകൾ തല്ലിയൊടിച്ചു. കാലാപാനി സിനിമയെ പോലെ കാല് വലിച്ചുവലിച്ചാണ് അകത്തിട്ടത്. ചേട്ടന് അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.വനിതാ പൊലീസുകാരുടെ മുന്നിലിട്ടാണ് തല്ലിയത്. കരഞ്ഞുകൊണ്ട് ചേട്ടൻ വെള്ളം ചോദിച്ചപ്പോൾ, കൈവിലങ്ങുണ്ടായിരുന്നിട്ടും ഇഴഞ്ഞിഴഞ്ഞ് പോയി ഞാൻ വെള്ളമെടുത്തുകൊടുത്തു. ആ കുപ്പിയിൽ പോലും ചോരപ്പാടുണ്ടായിരുന്നു. ഇത്രെയേ ഉള്ളൂ നീയൊക്കെ എന്ന് പറഞ്ഞായിരുന്നു വീണ്ടും വീണ്ടും അടിച്ചത്. ഇവരെ പോലെയുള്ളവരാണ് പൊലീസ് സേനയ്ക്ക് മുഴുവനും ചീത്തപ്പേരുണ്ടാക്കുന്നത്.

Story Highlights: Kilikollur Police beating Soldier in High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here