മലയാളം അറിയാത്ത ബംഗാളികൾ സ്വദേശികൾക്ക് ലേണേഴ്സ്; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ

മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്കും എഴുത്തും വായനയും അറിയാത്തവർക്കും മലയാളത്തിൽ ലേണേഴ്സ് പരീക്ഷ എഴുതികൊടുത്ത് ക്രമക്കേട് നടത്തിയ ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ട്രാസ്പോർട്ട് കമ്മീഷണറുടെ നിർദേശം. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ. കൊച്ചി പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ് പാസായിരുന്നു. കൊവിഡ് കാലത്തെ ഇളവ് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ക്രമക്കേടിന് ഡ്രൈവിങ് സ്കൂളുകൾ കൂട്ടുനിന്നതായു പ്രാഥമികറിപ്പോർട്ട്.
കഴിഞ്ഞ കൊവിഡ് കാലത്ത് ഡ്രൈവിംഗ് ലൈസൻസിനായി നടന്നിരുന്ന ലേണേഴ്സ് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിച്ചിരുന്ന കാലഘട്ടങ്ങളിൽ നടന്ന ഓൺലൈൻ ലേണേഴ്സ് പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മലയാളം അറിയില്ലാത്തവർ വരെ മലയാളത്തിൽ പരീക്ഷ എഴുതി പാസായതായി കണ്ടിരുന്നു. കൂടാതെ, എഴുത്തും, വായനയും അറിയാത്ത ആളുകൾ വരെ ലേണേഴ്സ് പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയതായി കണ്ടിരുന്നു.
ഇങ്ങനെ പാസ്സ് ആക്കികൊടുക്കാനായി ലോബികൾ പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ ചില ഡ്രൈവിംഗ് സ്‌കൂളുകാർ ഇത് വ്യാപകമായി നടത്തി അപേക്ഷകരുടെ കയ്യിൽ നിന്നും അധിക പണം കൈപ്പറ്റിയിരുന്നു. നോർത്ത് പറവൂർ അസിസ്റ്റന്റ് ലൈസൻസിംഗ് അതോറിറ്റി ഇതെക്കുറിച്ച് പഠിച്ച് വിശദമായി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുവാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ മോട്ടോർ വാഹന വകുപ്പിന്റെ സാരഥി സ്മാർട്ട് സപ്പോർട്ട് ഗ്രൂപ്പിന് നിർദ്ദേശം നൽകിയത്.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് നിർദ്ദേശം. ഓരോ അപേക്ഷകന്റെയും പരീക്ഷ എഴുതിയ കമ്പ്യൂട്ടർ / മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അവയുടെ IP അഡ്രെസ് എടുത്തുകൊണ്ടുള്ള അന്വേഷണം എത്രയും പെട്ടെന്ന് നടത്തി തെളിയിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്ന അപേക്ഷകരെ വിളിച്ചു വരുത്തി ബോധ്യപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യാനും, ഈ ക്രമക്കേടുകൾ നടത്തിയ ഡ്രൈവിംഗ് സ്കൂളുകാർക്കെതിരെ കർശന നിയമനടപടികൾക്കായി പൊലീസിന് കൈമാറാനുമാണ് നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്.
Story Highlights: Learners Transport Commissioner ordered an investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here