സ്പിൽബെർഗിൻ്റെ ‘ദി ടെർമിനലി’നു പ്രചോദനം; 18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ ഇറാൻ സ്വദേശി മരണപ്പെട്ടെന്ന് റിപ്പോർട്ട്

പാരിസിലെ ചാൾസ് ഡി ഗ്വല്ല വിമാനത്താവളത്തിൽ 18 വർഷം കഴിഞ്ഞ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു എന്ന് റിപ്പോർട്ട്. വിമാനത്താവളത്തിലെ ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരണത്തിനു കീഴടങ്ങിയത്. 76 വയസായിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായത് നസേരിയുടെ ജീവിതമായിരുന്നു.
ഇറാൻകാരനായ പിതാവിനും സ്കോട്ട്ലൻഡുകാരിയായ മാതാവിനും ജനിച്ച മെഹ്റാൻ കരീമി ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണകൂടത്തിനെതിരായ വിപ്ലവത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ രാജ്യഭ്രഷ്ടനായി. 1977ൽ രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം 1988ൽ ഇംഗ്ലണ്ടിലേക്കുള്ള യാത്രക്കിടെ ഫ്രാൻസിലെത്തി. ഫ്രാൻസിൽ വച്ച് ഇദ്ദേഹത്തിൻ്റെ യാത്രാരേഖകളടങ്ങിയ ബാഗ് ഏതോ മോഷ്ടാവ് അപഹരിച്ചു. എന്നാൽ, ചാൾസ് ഡി ഗ്വല്ല വിമാനത്താവളത്തിൽ അദ്ദേഹം എങ്ങനെയോ ഇംഗ്ലണ്ടിലേക്ക് വിമാനം കയറി. പക്ഷേ, ഹീത്രോ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഫ്രാൻസിലേക്ക് തന്നെ തിരികെ അയച്ചു. 1988 ഓഗസ്റ്റ് 26ന് അദ്ദേഹം ചാൾസ് ഡി ഗ്വല്ല വിമാനത്താവളത്തിൽ അഭയാർത്ഥിയായുള്ള ജീവിതം ആരംഭിച്ചു. നീണ്ട 18 വർഷങ്ങൾക്കു ശേഷം, 2006 ജൂലായിൽ ആശുപത്രിയിലേക്ക് മാറ്റിയതോടെ അദ്ദേഹത്തിൻ്റെ വിമാനത്താവള വാസം അവസാനിച്ചു. പിന്നീട് പാരീസിലെ അഭയകേന്ദ്രങ്ങത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ഈ വർഷം അദ്ദേഹം തിരികെ വിമാനത്താവളത്തിലെത്തിയിരുന്നു എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
2004ലാണ് ടോം ഹാങ്ക്സിനെ നായകനാക്കി സ്പിൽബർഗ് ‘ദി ടെർമിനൽ’ എന്ന സിനിമ പുറത്തിറക്കുന്നത്. വിക്ടർ നവോർസ്കി എന്ന കഥാപാത്രത്തെയാണ് ഹാങ്ക്സ് അവതരിപ്പിച്ചത്.
Story Highlights: Mehran Karimi Nasseri Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here