Advertisement

കുഞ്ഞുങ്ങളെ കേള്‍ക്കാന്‍ അവസരമൊരുക്കണം, ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം: മന്ത്രി

November 14, 2022
Google News 1 minute Read

ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ഗതാഗതം, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. മാസത്തില്‍ രണ്ട് തവണ കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള അവസരമൊരുക്കും. അവര്‍ക്ക് എന്തും പറയാനുള്ള അവസരമൊരുക്കണം. അസാധാരണമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാതാപിതക്കളോടോ അധ്യാപകരോടോ കുട്ടികള്‍ തുറന്ന് പറയണം. ഓരോ കുഞ്ഞും കരുതല്‍, സ്‌നേഹം, സംരക്ഷണം എന്നിവ അര്‍ഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പും സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയും സംയുക്തമായി അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കണം. മാത്രമല്ല പൊതുസൂഹം ബോധവാന്മാരാകണം. കുട്ടികള്‍ പറയുന്നത് കേള്‍ക്കുന്നതാണ് അവര്‍ക്ക് ഏറെയിഷ്ടം. ഈ ദിനത്തില്‍ കുഞ്ഞുങ്ങള്‍ നല്‍കുന്ന സന്ദേശമാണത്. കുട്ടികളെ കേള്‍ക്കാന്‍ വീട്ടിലുള്ളവര്‍ തയ്യാറാകണം. മനസിലുള്ളത് പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ ആശ്വാസമാകും. ക്ലാസ് മുറികളിലും പൊതുയിടങ്ങളിലും അവര്‍ക്ക് പറയാനുള്ള അവസരമൊരുക്കണം. ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാക്കളെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് കുട്ടികളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കുട്ടികളുടെ പരിപാടികള്‍ രൂപപ്പെടുത്തുന്നതിന് പ്രത്യേകം പ്രാധാന്യം നല്‍കണം. കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനും സര്‍ഗവാസനകള്‍ വികസിപ്പിക്കുന്നതിനും വിവിധ വകുപ്പുകളിലൂടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി പ്രിയങ്ക, പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു എന്നിവര്‍ സംസാരിച്ചു. ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്തു. ബാലനിധി ക്യുആര്‍ കോഡ് ലോഞ്ച് മന്ത്രി നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്ക് എംജിഎം ഫിനാന്‍സ് അജിത് രവീന്ദ്രന്‍ ക്യൂആര്‍ കോഡ് മുഖേനയുള്ള ആദ്യ സംഭാവന നല്‍കി.

കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിയും പ്രമുഖ വ്യക്തികളും മറുപടി നല്‍കി. നിശാന്ദിനി ഐപിഎസ്, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, സീനിയര്‍ സയന്റിസ്റ്റ് വി.ആര്‍. ലളിതാംബിക, ബാലതാരങ്ങളായ സ്‌നേഹ അനു, വസിഷ്ട് എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ എസ്. നന്മ സ്വാഗതവും നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആര്‍.എ. ആദര്‍ശ് നന്ദിയും പറഞ്ഞു.

Story Highlights: child-friendly state is the goal: Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here