‘സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ നാം കണ്ടുമുട്ടാറുണ്ട്’; ലിസ്റ്റിന് മറുപടിയുമായി നിവിന്‍ പോളി

ഒരു പ്രമുഖതാരം വലിയ തെറ്റിന് തിരികൊളുത്തിയിരിക്കുന്നുവെന്ന ലിസ്റ്റിന്റെ ആരോപണത്തിന് മറുപടിയുമായി നിവിന്‍ പോളി. ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ മുന്നില്‍ കാണുന്നുണ്ട് എന്നാണ് നിവിന്‍ പോളിയുടെ മറുപടി. സ്വന്തം കാര്യംമാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്നാണ് നിവിന്‍ പറഞ്ഞത്. നല്ല ഹൃദയമുള്ളവരായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങിനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങിനെ അല്ലാത്തവരേയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുമൈന്നും നിവിന്‍ പറഞ്ഞു. (nivin pauly reply to listin stephen)
നാല് ദിവസങ്ങള്‍്ക്ക് മുന്‍പാണ് ദിലീപ് നായകനാവുന്ന പ്രിന്‍സസ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പ്രോഗ്രാമില്‍ വച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിവിന്റെ പേരുപറയാതെ ചില സൂചനകള്‍ നല്‍കിയുള്ള കടന്നാക്രമണം നടത്തിയത്. നടന്‍ തെറ്റുകളിലൂടെ മുന്നോട്ടുപോയാല്‍ അത് വലിയ പ്രശ്നങ്ങളിലേ കലാശിക്കൂ എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണത്തിലെ പ്രദാനഭാഗം. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തതവരുത്താന്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇതുവരെ തയ്യാറായിരുന്നില്ല.
സോഷ്യല്‍ മീഡിയയും സിനിമാ പ്രവര്‍ത്തകരും അനുകൂലിച്ചും പ്രതികൂലിച്ചും വിഷയത്തില്‍ പ്രതികരമങ്ങളുമായി എത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിമാറുകയായിരുന്നു. നിര്‍മാതാക്കളുടെ സംഘടനയോ, താര സംഘടനയോ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. നടന്റെ പേരുപറയാതെ ഒരു നടന്‍ എന്നു പറഞ്ഞ് ഗൗരവതരമായ ആരോപണം ഉന്നയിച്ച രീതിയില്‍ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രഷറര്‍ കൂടിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
Read Also: അതിർത്തിയിൽ പാക് പ്രകോപനം; കശ്മീരിൽ 15 മരണം, കൊല്ലപ്പെട്ടത് നാട്ടുകാർ
താന്‍ ഒരു നടന്റേയും പേരുപറഞ്ഞിട്ടില്ലെന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് നിവിന്റെ പ്രതികരണവും വന്നിരിക്കുന്നത്. ലിസ്റ്റിന്‍ നടത്തിയ ആരോപണത്തിന് മറുപടിയായി അതേ നാണയത്തില്‍ തന്നെ തിരിച്ചുകൊടുത്തിരിക്കയാണ് നിവിന്‍. കൊട്ടാരക്കര അമ്പലത്തില്‍ ഒരു പ്രോഗ്രാമില്‍ പങ്കെടുത്തു സംസാരിക്കവേയാണ് നിവിന്‍ പേര് പറയാതെ തന്റെ നിലപാട് പ്രഖ്യാപിച്ചത്.
ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉയര്‍ത്തിയ വിവാദത്തിന് നിവിന്‍ മൂന്നു ദിവസമായിട്ടും പ്രതികരിച്ചിരുന്നില്ല. നിവിവിന്‍ പോളിയും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള തര്‍ക്കം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ലിസ്റ്റിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നും നിവിന്‍ ഇറങ്ങിപ്പോയെന്ന ആരോപണമാണ് ആദ്യം പുറത്തുവന്നിരുന്നത്. എന്നാല്‍ ഈ ആരോപണ ചിത്രത്തിന്റെ സംവിധായകന്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ലിസ്റ്റിനും നിവിന്‍പോളിയും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നുവെന്നതിന്റെ സൂചനയാണ് നിവിന്റെ പ്രതികരണത്തിലൂടെ വ്യക്തത നല്‍കുന്നത്.
നിവിന്‍
വിഷയത്തില്‍ നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ് ലിസ്റ്റിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ലിസ്റ്റിന്‍ തമിഴ്നാട്ടുകാരനായ ഒരുവട്ടിപ്പലിശക്കാരനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും, മലയാള സിനിമയെ പലിശക്കാരുടെ നിയന്ത്രണത്തിലെത്തിച്ചത് ലിസ്റ്റിനാണെന്നുമായിരുന്നു സാന്ദ്രയുടെ ആരോപണം. രൂക്ഷമായ ഭാഷയില്‍ ലിസ്റ്റിനെതിരെ സാന്ദ്രാതോമസ് ആരോപണവുമായി എത്തിയിട്ടും സിനിമാ സംഘടനകളൊന്നും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ലിസ്റ്റിന്‍ അമിതാവേശം കാണിച്ചെന്ന നിലപാടിലാണ് നിര്‍മാതാക്കളില്‍ പലരും.
,സാന്ദ്രാ തോമസ് ഉന്നയിച്ച ആരോപണം അസോസിയേഷനേപോലും പ്രതിസന്ധിയിലാക്കുന്നതാണ്. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രഡ്യൂസേഴ്സ് അസോസിഷന്‍ തിരഞ്ഞെടുപ്പ് ജൂണില്‍ നടക്കാനിരിക്കെ ലിസ്റ്റിന്‍സ്റ്റീഫന്റെ പ്രതികരണം അദ്ദേഹത്തിന് തിരിച്ചടിയാവുമെന്നാണ് ഭൂരിപക്ഷം നിര്‍മ്മാതാക്കളുടേയും പ്രതികരണം.
ഇതോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പെട്ടെന്ന് നിലപാട് മയപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. സിനിമാ മേഖലയെ ലിസ്റ്റിന്റെ പ്രതികരണം തിരിച്ചടിക്ക് വഴിവെക്കുമെന്നാണ് നിര്‍മ്മാതാക്കളില്‍ പലരുടേയും ആരോപണം. സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ലിസ്റ്റിന്റെ ആരോപണം തീര്‍ത്തും അസ്ഥാനത്തായിപ്പോയെന്നും, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംഘടനയില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെനന്നാണ് സംഘടനാ നേതാക്കളുടെ നിലപാട്. വിഷയം ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ശക്തമായൊരു സംഘടനയുണ്ടായിട്ടും ഭാരവാഹികൂടിയായ ലിസ്റ്റിന്‍ പേരുപറയാതെ നടനെതിരെ ഒറ്റയാള്‍ പോരാട്ടത്തിന് ഇറങ്ങിയത് തെറ്റായിപ്പോയെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ലിസ്റ്റിന്‍ ഉന്നയിച്ച ആരോപണത്തില്‍ താര സംഘടനയായ അമ്മയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
താന്‍ ആരുടേയും പേരുപറഞ്ഞില്ലെന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രതികരണം വിഷയം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ പേരു പറഞ്ഞില്ലെങ്കിലും നിവിന്‍ പോളിയിലേക്ക് അന്നുതന്നെ ചര്‍ച്ചകള്‍ എത്തിയിരുന്നു. നടന്‍ നിവിന്‍ പോളിക്കെതിരെ ഒളിയമ്പുതൊടുത്തുവിട്ട ലിസ്റ്റന്‍ സ്റ്റീഫന്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കയാണ്. ആരോപണങ്ങള്‍ വിശദീകരിക്കുകയും വ്യക്തമായ മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് നിവിന്‍പോളി.
Story Highlights : nivin pauly reply to listin stephen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here