അഭയകേന്ദ്രത്തിൽ നിന്ന് കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ; പെൺകുട്ടികളെ കാണാതായതിൽ നിർണായക വെളിപ്പെടുത്തൽ

കോട്ടയം മാങ്ങാനത്തെ അഭയകേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ. രണ്ടുമൂന്നു ദിവസങ്ങളായി ഇവിടെ വൈകുന്നേരങ്ങളിൽ പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മഹിളാ സമഖ്യ സൊസൈറ്റിയാണ് അഭയകേന്ദ്രം നടത്തിവന്നിരുന്നത്. (shelter home missing update)
Read Also: പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കോട്ടയം അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി
“മിനിഞ്ഞാന്ന് വൈകിട്ട് ഭയങ്കര ബഹളമായിരുന്നു. പിള്ളേര് കിടന്ന് കാറുക, പാത്രങ്ങൾ അടിച്ച്പൊട്ടിക്കുക. ഇങ്ങനെ ഭയങ്കര ബഹളമായിരുന്നു. ശബ്ദം കേട്ട് ഞങ്ങൾ ഓടിവന്നു. പക്ഷേ, സർക്കാർ സ്ഥാപനമായതുകൊണ്ട് അകത്തേക്ക് കേറാനായില്ല. ഇടയ്ക്കിടയ്ക്ക് എന്നും ബഹളമുണ്ട്. കാരണം നമ്മൾ അയൽവക്കമല്ലേ? നമുക്ക് നല്ലതായിട്ട് കേൾക്കാം. ഇതിനകത്ത് എന്താണ് നടക്കുന്നതെന്ന് അറിയത്തില്ല. നമുക്ക് അറിയത്തില്ല. കേറാൻ പറ്റത്തില്ലല്ലോ. അയൽവക്കത്തെ വീട് പോലെ നമുക്ക് ഓടിച്ചെന്ന് ബഹളം കേട്ടാൽ പെട്ടെന്ന് കേറാൻ പറ്റത്തില്ലല്ലോ. ഇവരെങ്ങനെ ചാടുന്നോന്നോ ഒന്നും നമുക്ക് അറിയത്തില്ല. ഈ ഗേറ്റിന് അപ്പുറത്തോട്ട് ഇങ്ങനെ പുറമെ വഴിയേ പോകുമ്പോ ഒന്ന് കാണുന്നതല്ലാതെ നമുക്ക് ബാക്കിയുള്ള ഒന്നും അറിയത്തില്ല. നൈറ്റ് അല്ലേ അവര് പോകുന്നത്. നമ്മളന്നേരം അറിയത്തില്ലല്ലോ. നമ്മളെല്ലാം വീടുമായിട്ട് ഇരിക്കുന്നതുകൊണ്ട് നമ്മള് ടിവിയൊക്കെ വെച്ചിരിക്കുന്നതുകൊണ്ട് നമ്മള് കാണത്തില്ല. പിന്നെ പോയി കഴിയുമ്പോ ഇതുപോലെ ആൾക്കാര് ഓടുന്നതോ എടുക്കുന്നതോ കാണുമ്പോഴാണ് നമ്മൾ അറിയുന്നത്.”- നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെയാണ് അഭയകേന്ദ്രത്തിൽ നിന്ന് കാണാതായത്. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി അധികൃതർ എത്തിയപ്പോഴാണ് പെൺകുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതൽ രണ്ട് വർഷം വരെയായി ഇവർ ഇവിടെയാണ് താമസിക്കുന്നത്.
ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവർ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാൽ, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോൾ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം.
Story Highlights: shelter home missing update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here