പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു; ഇനി ബാറ്റിംഗ് പരിശീലകൻ

മുംബൈ ഇന്ത്യൻസിൻ്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ തിരശീല ആയിരിക്കുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും സുപ്രധാന താരമായിരുന്നു പൊള്ളാർഡ്. തൻ്റെ ബാറ്റിംഗ് മികവുകൊണ്ട് പലപ്പോഴും താരം മുംബൈയെ രക്ഷിച്ചിട്ടുണ്ട്. ടീമിൽ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈ ഇന്ത്യൻസിനൊപ്പം തുടരും. (kieron pollard retired ipl)
Read Also: പൊള്ളാർഡ് ഇനി മുംബൈ ജഴ്സി അണിയില്ല; ഫ്രാഞ്ചൈസി റിലീസ് ചെയ്തത് അഞ്ച് താരങ്ങളെ
മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ റിലീസ് ചെയ്തേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പൊള്ളാർഡിൻ്റെ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസ് മറ്റൊരു പാതയിലൂടെ പോകാൻ തീരുമാനിച്ചെന്നും മറ്റൊരു ടീമിനു വേണ്ടി ഐപിഎൽ കളിക്കാൻ താത്പര്യമില്ലെന്നും പൊള്ളാർഡ് വാർത്താകുറിപ്പിൽ പറയുന്നു.
35കാരനായ താരം 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ പലപ്പോഴും പൊള്ളാർഡിൻ്റെ ബാറ്റ് ശബ്ദിച്ചിട്ടുണ്ട്. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സാണ് പൊള്ളാർഡിൻ്റെ മർദനം കൂടുതൽ ഏറ്റുവാങ്ങിയത്. രണ്ട് ഫൈനലുകളിൽ ചെന്നൈക്ക് കിരീടം നിഷേധിച്ചത് പൊള്ളാർഡിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഫീൽഡിലും പൊള്ളാർഡ് തകർപ്പൻ പ്രകടനങ്ങൾ നടത്തി. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളായി പൊള്ളാർഡിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല.
💙#OneFamily @KieronPollard55 pic.twitter.com/K5BVlTDeN0
— Mumbai Indians (@mipaltan) November 15, 2022
പൊള്ളാർഡിനൊപ്പം വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലൻ, ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ്, ഇന്ത്യൻ താരങ്ങളായ മായങ്ക് മാർക്കണ്ഡെ, ഹൃതിക് ഷോകീൻ എന്നിവരെയും മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്. മലയാളി താരം ബേസിൽ തമ്പിയെ ടീം നിലനിർത്തി എന്നത് ശ്രദ്ധേയമാണ്.
Read Also: ജേസൻ ബെഹ്റൻഡോർഫ് മുംബൈ ഇന്ത്യൻസിൽ തിരികെയെത്തി
ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ, താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
2018 മുതൽ 2020 മുംബൈ ഇന്ത്യയിലുണ്ടായിരുന്ന ബെഹ്റൻഡോർഫ് 2019ൽ അഞ്ച് മത്സരങ്ങൾ കളിച്ച് അത്ര തന്നെ വിക്കറ്റുകൾ നേടിയിരുന്നു. 2021ൽ താരം മുംബൈ വിട്ട് ചെന്നയിലെത്തിയെങ്കിലും കളിച്ചില്ല. ഓസ്ട്രേലിയക്കായി 9 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 7 വിക്കറ്റ് നേടിയിട്ടുണ്ട്.
Story Highlights: kieron pollard retired ipl mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here