പുള്ളാവൂർ ചെറുപുഴയുടെ ഉടമസ്ഥാവകാശം എൻഐടിയ്ക്ക്?; കണ്ടെത്താൻ ശ്രമം

പുഴയുടെ നടുവിലെ കട്ടൗട്ട് കൊണ്ട് വയറലായ കോഴിക്കോട് പുള്ളാവൂർ ചെറുപുഴയുടെ ഉടമസ്ഥവകാശം കണ്ടെത്താൻ റവന്യൂ വകുപ്പിൻ്റെ സഹായം തേടി കൊടുവള്ളി നഗരസഭ. ഉടമസ്ഥവകാശം സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്നതിനാൽ ലോകകപ്പ് കഴിയും വരെ കട്ടൗട്ടുകൾ മാറ്റേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് പുള്ളാവൂരിലെ ഫുട്ബോൾ ആരാധകർ.
ചാത്തമംഗലം പഞ്ചായത്ത് അവരുടേതെന്നും കൊടുവള്ളി നഗരസഭ സ്വന്തമെന്നും കരുതിയിരുന്ന ചെറുപുഴയുടെ ഉടമസ്ഥതയാണ് ഇപ്പോൾ ചോദ്യത്തിലായിരിക്കുന്നത്. പുഴയിലുയർത്തിയ കട്ടൗട്ടുകൾക്കെതിരെ പരാതി ഉയർന്നതോടെയാണ് ഇത്രയും കാലം ഉണ്ടാകാതിരുന്ന ആശയക്കുഴപ്പം ഉടലെടുത്തത്. തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും എൻഐടിയുടെ കുടിവെള്ള പദ്ധതിക്കായി വിട്ടു നൽകിയ ഭാഗമാണെന്നും സ്ഥലം എംഎൽഎ പ്രഖ്യാപിച്ചതോടെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരും വെട്ടിലായി. സാധ്യമായ കേന്ദ്രങ്ങളിലെല്ലാം പരാതിക്കാരൻ പരാതിയും നൽകി. ഈ ആശയക്കുഴപ്പം ചൂണ്ടി കാട്ടി പരാതിക്കാരന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടിയും നൽകി. ഒടുവിൽ കളക്ടർക്ക് ലഭിച്ച പരാതി കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് കൈമാറി. ഇതോടെയാണ് പുഴ ആരുടെയാണെന്ന് കണ്ടെത്താൻ താലൂക്ക് സർവേയറുടെ സഹായം തേടിയത്. ഏതായാലും നടപടിക്രമം പൂർത്തിയാകുമ്പോഴേക്കും ലോകകപ്പ് കഴിയുമെന്ന പ്രതീക്ഷയിലാണ് പുള്ളാവൂർകാർ.
പുള്ളാവൂരിൻ്റെ ഫുട്ബോൾ പ്രേമം കാണാൻ ദിവസവും നൂറ് കണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്.
Story Highlights: pullavoor river koduvalli chathamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here