Advertisement

ആരായിരുന്നു ജയന്‍ എന്ന നടന്‍…? യു. എം ബിന്നി എഴുതുന്നു

November 16, 2022
Google News 3 minutes Read
first action hero in malayalam jayan's death anniversary

യു. എം ബിന്നി

കേവലം ഒരു പതിറ്റാണ്ടിന്റെ ദൈര്‍ഘ്യത്തില്‍ മലയാള നക്ഷത്രനഭസില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞ കൊല്ലത്തിന്റെ മധുമന്ദഹാസമായിരുന്നു അനശ്വരനായ നടന്‍ ജയന്‍. നാല്‍ത്തിയൊന്നുവര്‍ഷം പിറകില്‍, ചന്നം പിന്നം ചെയ്യുന്ന മഴയില്‍ 1980 നവംബര്‍ 16ന് നാടും നഗരവും ഒരു പ്രിയമുള്ളവന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നിന്നു. നടന്‍ ജയന്‍ അപകടത്തില്‍ മരിച്ചു. കത്തിനില്‍ക്കുന്ന അന്ന് ജയന് നാല്‍പ്പത്തിരണ്ടിന്റെ ചെറുപ്പം…

ഞങ്ങളുടെയൊക്കെ പ്രൈമറി സ്‌കൂള്‍ കാലത്താണ്. സ്വന്തം വീട്ടിലൊരു മരണം നടന്ന പോലെ സകല കൊല്ലക്കാരേയും സ്തബ്ധരാക്കിയ ദുരന്ത വാര്‍ത്ത. മദ്രാസിനടുത്ത് ഷോളാവാരത്ത് ഷൂട്ടിങ്ങിനിടയിലുണ്ടായ കോപ്റ്റര്‍ അപകടം. നാട് അലമുറയിട്ട് പൊട്ടിക്കരഞ്ഞു. പത്രങ്ങളിലും സിനിമാ മാസികകളിലും നാട്ടുവര്‍ത്തമാനങ്ങളിലും ജയന്‍ വാര്‍ത്തകള്‍ കറുപ്പിലും വെളുപ്പിലും നിറഞ്ഞുനിന്നു. ബാല്യത്തില്‍ ഇത്രയേറെ നടുക്കിയ മറ്റൊരു മരണമില്ല.

ഞങ്ങളുടെ കൗമാരത്തില്‍ ജയനും പതിയെ വിസ്മൃതിയിലേക്കു പോയി. പുതിയ താരോദയങ്ങള്‍… മിമിക്രിക്കാരാണ് ജയനോര്‍മ്മകളെ വീണ്ടും സജീവമാക്കിയത്, പലപ്പോഴും അരോചകങ്ങളായ അനുകരണങ്ങള്‍ ആയിരുന്നെങ്കിലും ജയന്റെ മധുര സ്മരണകള്‍ വീണ്ടും തിരിനീട്ടുന്നതിന് അത് നിമിത്തമായി, തിരിച്ചറിയാനും..! കൊല്ലം നഗരത്തില്‍ ഹൃദയ മുദ്രകള്‍ ചാര്‍ത്തിയ സംഭവബഹുലമായ ചലച്ചിത്ര ജീവിതമായിരുന്നു മലയാളസിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയായ കൃഷ്ണന്‍ നായരെന്ന ജയന്റേത്.

ആരായിരുന്നു ജയന്‍ എന്ന നടന്‍…

കോവിഡിന്റെ ആദ്യ വരവില്‍ വീടിലടയ്ക്കപ്പെട്ട ഭീതിദമായ കാലത്താണ് ജയനിലൂടെ വീണ്ടും ഹൃദയസഞ്ചാരം നടത്തുന്നത്. കോവിഡിന്റെ തടവുകാലത്ത് പലതിനുമൊപ്പം യൂട്യൂബിലൂടെ ജയനും കൂട്ടുകൂടി. ജയനെ ഒരു കഥയില്‍ (കഥയോ…?) കൂട്ടാനുള്ള പരാജയപ്പെട്ട ശ്രമങ്ങള്‍…
എന്നാലും കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്ത ആ ചലച്ചിത്ര ജീവിതത്തിലൂടെ പിന്നെയും സഞ്ചാരം.

കൊല്ലം നഗരപ്രാന്തത്തിലെ ഓലയില്‍ കടവിലാണ് ജയന്റെ ചെറിയ വീട്. (അടുത്ത കാലത്ത് അത് പൊളിച്ചു) അതുകൊണ്ടു തന്നെ ആ അഷ്ടമുടിക്കായല്‍ത്തീരം ഞങ്ങള്‍ക്ക് കൊല്ലക്കാര്‍ക്ക്, ഒരു സിനിമാ ഹബ്ബാണ്. സുഹൃത്തും ജയന്റെ അയല്‍ക്കാരനും പുതിയ കാലത്തെ ശ്രദ്ധേയനടനുമായ രാജേഷ് ശര്‍മ്മയാണ്, ജയനെയറിയുന്ന ഓലയില്‍ കടവിലെ വിനയനണ്ണനിലേക്ക് വഴിതെളിക്കുന്നത്.

അവരുടെ ‘ബേബിയണ്ണന്‍’ സിനിമയില്‍ പിച്ചവക്കുന്ന കാലം.(സിനിമാക്കാലത്തിനു മുമ്പ് കൃഷ്ണന്‍ നായരെന്ന ജയനെ നാട്ടിലെ യുവത്വം അങ്ങനെയാണ് വിളിച്ചിരുന്നത്) തെളിനീരിലെ പരല്‍മീന്‍ പോലെ വിനയണ്ണന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. വിനയണ്ണന്റെയൊക്കെ കൗമാര പ്രായം. ജയന്‍ പോപ്പുലറായിത്തുടങ്ങിയിട്ടില്ല. ഒരുനാള്‍ കറുത്ത ഒരു ഫിയറ്റുകാറുമായി കോട്ടമുക്കിലെ രാമചന്ദ്രന്‍ മേശിരിയുടെ വര്‍ക്ക്‌ഷോപ്പിലെത്തി. അവിടെയാണ് കാറ് വെളളച്ചായം പൂശി വെടിപ്പാക്കിയത്.

KRE 134 എന്ന അരുമയായ ഫിയറ്റില്‍ ആരും തൊടാന്‍പോലും ജയന്‍ സമ്മതിക്കില്ല. കൊച്ചു കൊടുങ്ങല്ലൂര്‍ അമ്പലത്തിനടുത്ത കടയില്‍ വരുമ്പോള്‍ വിനയനും സെറ്റും അടുത്തു കൂടും. ‘ഞാനടുത്ത പടത്തില്‍ കയറിയെടാ, നസീര്‍ സാറാ റെക്കമെന്റ്..’ അവരുടെ ബേബിയണ്ണന്‍ താളത്തില്‍ പറയും.

നാട്ടില്‍ അപൂര്‍വ്വമായി വരുന്നകാലം, വിശേഷങ്ങളൊക്കെത്തിരക്കും.
‘നീയാ സതീശനെയൊക്കെ കണ്ടോടാ,
ഞാന്‍ തിരക്കിയതായിപ്പറയണം’
അവരൊക്കെ ബേബിയണ്ണന്റെ നാട്ടുമ്പുറത്തെ ചങ്കുകളാണ്. വീട്ടുമുറ്റത്തെ ചീലാന്തിയില്‍ റിംഗൊക്കെ കെട്ടി കസര്‍ത്തുകള്‍..! ഡംബല്‍സൊക്കെ എടുത്തു കൊടുക്കാന്‍ ചെറുസംഘവും കൂടും. ‘ലൗ ഇന്‍ സിംഗപ്പൂര്‍’ ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ബേബിയണ്ണന്‍, വിനയന് ഡേ ആന്റ് നൈറ്റ് ഒരു പൊളി കൂളിംഗ് ഗ്ലാസും അന്നത്തെ ഫാഷനായവീതിയുള്ള തടിബെല്‍റ്റും സമ്മാനമായി കൊടുത്തു…

കാറ് വീട്ടിനു മുമ്പിലിട്ട് തേച്ചുകഴുകുന്നത് ശരപഞ്ജരത്തിലെ ‘സീന്‍’ പോലെയാണ്. ആള് ശരവേഗത്തില്‍ സിനിമയില്‍ തിളങ്ങിയതോടെ നാട്ടിലേക്ക് വരക്കവും നിന്നു. വന്നാല്‍ നഗരത്തില്‍ കാര്‍ത്തിക ലോഡ്ജില്‍ തങ്ങും. ആരാധകരെപ്പേടിച്ച് ഇരുട്ടുമറപറ്റിയാണ് സ്‌നേഹഭാജനമായ അമ്മയെ കാണാന്‍ വീട്ടിലെത്തുന്നത്.

അപകടത്തിന് രണ്ടു മാസം മുമ്പാണ് വിനയന്‍ അവസാനം കണ്ടത്. സിനിമയില്‍ കത്തിക്കയറിയ വസന്തകാലം. ‘ടാ, ഞാന്‍ പീരുമേട്ടില്‍ ഒരു ഷൂട്ടിങ്ങിനു പോയാ’, ഒരു ജയന്‍ ടച്ച് ഡയലോഗ്… പിന്നെ, അവിടെ നിന്നാണ് മദ്രാസിലെ ഷോളവാരത്തേക്ക് മരണത്തിന്റെ വണ്ടി കയറുന്നത്.

കേവലം ആറേഴ് വര്‍ഷങ്ങള്‍ കൊണ്ട് നൂറ്റിച്ചില്വാനം ചിത്രങ്ങള്‍. ബോക്‌സാഫീസില്‍ ഇടിമുഴക്കത്തോടെ തിമിര്‍ത്തു പെയ്ത ജയന്‍ പെരുമഴ…
മരിച്ച ശേഷവും തോരാതെ, വെളിച്ചം കണ്ട ഒരുപിടി ചിത്രങ്ങള്‍… വില്ലനായി വന്ന് മലയാള സിനിമയുടെ തലവരമാറ്റിയ
കൊടും നായകന്‍…

മരണത്തിന്റെ അടുത്ത ദിവസം…

പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ച് വൈകിട്ട് കൊല്ലത്തെത്തിച്ച ഭൗതിക ശരീരം തിങ്ങിവിങ്ങിയ തിരക്കില്‍ തേവള്ളിയിലെ മലയാളിസഭാ ഹാളിലേക്ക് ചുമക്കാന്‍ വിനയണ്ണനുമുണ്ടായിരുന്നു. രാത്രി വൈകി 11 ന് മുളങ്കാടകത്തെ ചിതയില്‍ എരിഞ്ഞടങ്ങിയപ്പോള്‍ കൊല്ലവും തേങ്ങിക്കരഞ്ഞു.

പിന്നെ…, പതിയ മാഞ്ഞു പോയ ജയനോര്‍മ്മകള്‍ വേലിയേറ്റം പോലെ തിരികെ വന്നത് വിനയണ്ണനും അത്ഭുതമായിരുന്നു. ഓര്‍മ്മകളുടെ
രണ്ടാം തരംഗത്തില്‍ പക്ഷേ, ഭൗതിക ശേഷിപ്പുകളായ കൂളിംഗ് ഗ്ലാസും തടി ബെല്‍റ്റുമൊക്കെ അയാളുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോയിരുന്നു.

Story Highlights: first action hero in malayalam jayan’s death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here