‘ആരിഫിന്റെ സലാം വിവാദമാക്കിയവർ ബട്ലറുടെ കരുതൽ കാണണം’; ബട്‌ലറേ പ്രശംസിച്ച് കെ ടി ജലീൽ

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറേ പ്രശംസിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. പാകിസ്താനെ ടി20 ലോകകപ്പിൽ കീഴടക്കി ഇംഗ്ലണ്ട് ട്രോഫി ഏറ്റുവാങ്ങിയതിന് ശേഷം ഷാമ്പയിൻ പൊട്ടിച്ചുളള സെലിബ്രേഷനിൽ നിന്നും ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ കാണിച്ച കരുതലിനെയാണ് കെ ടി ജലീൽ പ്രശംസിച്ചത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രശംസിച്ചത്.(kt jaleel praises england cricket team captain jos buttler)
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോൾ “സലാം” ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ സോഷ്യൽ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളൽകാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണം. ഒരു പൂന്തോട്ടത്തിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയുണ്ടാകും. അതാസ്വദിക്കാൻ പക്ഷെ നല്ലൊരു മനസ്സും കൂടി വേണം.
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
കുറിപ്പിന്റെ പൂർണ്ണ രൂപം:
നമുക്ക് ജോസ് ബട്ലറാകാം. ഇംഗ്ലണ്ട് 20-20 ലോകക്കപ്പ് കിരീടം സ്വന്തമാക്കിയത് പാക്കിസ്ഥാനെ അടിയറവ് പറയിച്ചാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ ഉടമകളെന്നാണ് ബ്രിട്ടീഷുകാർ വിശേഷിപ്പിക്കപ്പെടാറ്. ഇന്ത്യയുൾപ്പടെ പല കോളനികളും അടക്കി വാണിട്ടും പല ബ്രിട്ടീഷ് രീതികളും മര്യാദകളും മൂല്യങ്ങളും ഇന്നും പല ദിക്കുകാരും പിന്തുടരുന്നത് പതിവു കാഴ്ചയാണ്. വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള ഇംഗ്ലീഷ് മനസ്സ് അപാരമാണ്. ശശി തരൂർ ബ്രിട്ടീഷുകാരുടെ മുഖത്ത് നോക്കി “നിങ്ങളാണ് ഇന്ത്യയുടെ അധോഗതിയുടെ കാരണക്കാരെന്നും നിങ്ങൾ ഒരുക്കിയ പശ്ചാതല സൗകര്യങ്ങളെല്ലാം ഞങ്ങളെ അടിച്ചൊതുക്കാനും ഞങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനുമാണെന്നും തുറന്നടിച്ചു. തരൂരിൻ്റെ വാക്കുകൾ കയ്യടിച്ച് സ്വീകരിച്ച ഇംഗ്ലീഷുകാരുടെ ജനാധിപത്യബോധം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. മറ്റുള്ളവരെ മനസ്സിലാക്കാനും അപരൻ്റെ മനോഗതത്തെ ബഹുമാനിക്കാനുമുള്ള ബ്രിട്ടീഷ് മനസ്സിൻ്റെ ബഹിർപ്രകടനത്തിനാണ് 20-20 ലോകക്കപ്പ് ക്രിക്കറ്റിൻ്റെ സമാപന വേദിയും സാക്ഷ്യം വഹിച്ചത്. എല്ലാ രാജ്യങ്ങളിലുമെന്ന പോലെ ബ്രിട്ടനിലും സന്തോഷ മുഹൂർത്തങ്ങളിൽ പിന്തുടരുന്ന പരമ്പരാഗത ആചാരങ്ങളും ശീലങ്ങളുമുണ്ട്. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാവുക സ്വാഭാവികം. പരസ്പരം മനസ്സിലാക്കാനും മറ്റുള്ളവരുടെ വിശ്വാസം കണ്ടറിഞ്ഞ് ബഹുമാനിക്കാനുമുള്ള മനസ്സാണ് ഓരോ വ്യക്തിയിൽ നിന്നും കാലം ആവശ്യപ്പെടുന്നത്. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇംഗ്ലണ്ടിൻ്റെ ക്യാപ്റ്റൻ ജോസ് ബട്ലറിൽ ലോകം കണ്ടത്. ഇംഗ്ലീഷുകാരുടെ പരമ്പരാഗത ആഹ്ലാദാരവങ്ങളിലെ അവസാന ഇനം “ഷാമ്പയിൻ പൊട്ടിച്ച്” പരസ്പരം ദേഹത്തേക്ക് ചീറ്റിയുള്ള ആവേശ പ്രകടനമാണ്. അതിന് മുമ്പുതന്നെ മദ്യസേവയോട് മതപരമായ കാരണങ്ങളാൽ താൽപര്യമില്ലാത്ത തൻ്റെ ടീമിലെ മൊയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ബട്ലർ കാണിച്ച കരുതൽ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്. ക്യാപ്റ്റൻ്റെ കരുതലിനെ അഭിനന്ദിച്ച് ഇംഗ്ലണ്ട് ടീം അംഗം മൊയിൻ അലി ട്വിറ്റ് ചെയ്തത് ഇങ്ങിനെയാണ്; “നായകാ, നന്ദി. മാറി നിൽക്കാൻ ആദിലിനെ ഓർമ്മിപ്പിച്ചതിന് നന്ദി. താങ്കളുടെ തിരിച്ചറിവിന് നന്ദി. നമ്മൾ പരസ്പരം ബഹുമാനിക്കുന്നു. അതാണ് നമ്മുടെ ടീമിൻ്റെ ശക്തി”.എല്ലാം ഒരു കുപ്പിയിൽ കുത്തിനിറച്ച് ഒന്നാക്കാൻ വെമ്പൽ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തൻ യാഥാസ്തികർക്കായി ജോസ് ബട്ലറുടെ കരുതൽ സമർപ്പിക്കുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോൾ “സലാം” ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ സോഷ്യൽ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളൽകാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണം. ഒരു പൂന്തോട്ടത്തിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയുണ്ടാകും. അതാസ്വദിക്കാൻ പക്ഷെ നല്ലൊരു മനസ്സും കൂടി വേണം.
Story Highlights: kt jaleel praises england cricket team captain jos buttler
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here