ജി20 ഉച്ചകോടി: യുക്രൈൻ അധിനിവേശത്തെ അപലപിച്ച് ലോക രാജ്യങ്ങൾ

ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് ലോക രാജ്യങ്ങൾ . രാജ്യങ്ങൾ സ്വന്തം അയൽക്കാരെ ആക്രമിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് യുക്രൈനിൽനിന്ന് റഷ്യ പുറത്തുപോകണം. യുദ്ധം ആഗോള സാമ്പത്തിക വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉച്ചകോടിയിൽനിന്ന് വിട്ടുനിന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നടപടിയെയും ഋഷി സുനക് വിമർശിച്ചു.
റഷ്യയുടെ യുക്രൈൻ അധിനിവേശം വലിയ പ്രത്യാഘാതങ്ങളാണ് ലോകത്തുണ്ടാക്കിയത്. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അതിർത്തി സമഗ്രതയുടെയും അടിസ്ഥാന തത്ത്വങ്ങളാണ് റഷ്യ ലംഘിച്ചിരിക്കുന്നത്. നമ്മളെല്ലാവരും ഈ തത്ത്വങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു രാജ്യം അയൽപക്കത്തെ ആക്രമിക്കരുത്. പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കരുതെന്ന് ഋഷി സുനക് പറഞ്ഞു.
വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി നേരത്തെ ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ഉദ്ഘാടനം ചെയ്തു. യുക്രൈൻ-റഷ്യ യുദ്ധം അവസാനിച്ചില്ലെങ്കിൽ ലോകത്തെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ‘ലോക നേതാക്കള്‍ക്ക് ഹിമാചലിലെ കരകൗശല വസ്തുക്കള്‍’; ജി 20 ഉച്ചകോടിയില്‍ സമ്മാനവുമായി മോദി
ഇതിനിടെ യുക്രൈന് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടി വരുമെന്ന് ജനറൽ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിൽ യു.എൻ ആവശ്യപ്പെട്ടു. യുക്രൈനുമായി സഹകരിച്ച് റഷ്യക്കെതിരെ തെളിവുകൾ രേഖപ്പെടുത്തുന്നതിന് രാജ്യാന്തരതലത്തിൽ രജിസ്റ്റർ നിർമിക്കണമെന്നും യു.എൻ അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു. 193 അംഗങ്ങളിൽ 94 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്.
Story Highlights: Most G20 members condemn Russia’s war in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here