Advertisement

പ്രമേഹപ്പിടിയില്‍ അമര്‍ന്ന് കേരളം; പ്രമേഹം നിയന്ത്രിക്കാന്‍ വാങ്ങുന്നത് 2,000 കോടിയുടെ മരുന്നുകള്‍

November 16, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ പ്രമേഹ മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കേരളത്തിലെ മരുന്ന് വില്‍പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍ ആണ്. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയാണിത്. 15,000 കോടിയുടെ മരുന്നുവില്‍പനയാണ് മൊത്തം നടന്നത്. ഇതില്‍ 15 ശതമാനത്തോളം പ്രമേഹ നിയന്ത്രണ ഔഷധങ്ങള്‍ ആണ്. ദേശീയ തലത്തില്‍ ഇത് 10 ശതമാനമാണ്. ( rise in anti-diabetic medicine sale in kerala )

കേരളം ഉള്‍പ്പെടെ രാജ്യത്തെമ്പാടും പ്രമേഹമരുന്ന് വില്‍പന വരുംവര്‍ഷങ്ങളില്‍ ഇനിയും കൂടുമെന്നാണ് ഓള്‍ കേരള ഡ്രഗിസ്റ്റ്‌സ് ആന്‍ഡ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. കാരണം പ്രമേഹ രോഗികളുടെ എണ്ണം നോക്കിയാല്‍ മൊത്തം 7.5 കോടിയിലധികം ഇപ്പോഴും രാജ്യത്തുണ്ട്. രണ്ടുതരം ഇന്‍സുലിനുകള്‍, മെറ്റ്‌ഫോര്‍മിന്‍+ഗ്ലിമെപിറൈഡ് , മെറ്റ്‌ഫോര്‍മിന്‍ +വില്‍ഡാഗ്ലിപ്റ്റിന്‍ , മെറ്റ്‌ഫോര്‍മിന്‍+ സിടാഗ്ലിപ്റ്റിന്‍ എന്നീ സംയുക്ത ഗുളികകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകള്‍. ജീവിതരീതി മാറ്റമില്ലാതെ തുടര്‍ന്നാല്‍ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമൃത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ അജയ് ബാലചന്ദ്രനും ഇത് അടിവരയിടുന്നുണ്ട്.

മരുന്നുകള്‍ക്കായി വലിയ രീതിയില്‍ സംസ്ഥാനം പണം ചെലവാക്കുന്നുണ്ടെങ്കിലും 80% രോഗികളുടേയും പ്രമേഹം നിയന്ത്രണത്തില്‍ അല്ല എന്നാണ് പറയപ്പെടുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്, പ്രമേഹത്തെക്കുറിച്ച് രോഗികള്‍ ശരിയായ അറിവ് നേടുന്നില്ല എന്നതാണ്. ഇന്‍സുലിന്‍ കൃത്യമായി നല്‍കുന്നില്ല, മരുന്ന് കൃത്യമായി കഴിക്കുന്നില്ല ഇതെല്ലാം ഒരു പരിധി വരെ പ്രമേഹം കൂടാന്‍ കാരണമാകുന്നുണ്ട്. കേരളത്തിലെ മാത്രം കണക്കുപ്രകാരം നാലിലൊരാള്‍ക്ക് പ്രമേഹമുണ്ട്. മാത്രമല്ല, പണ്ട് പ്രായമുള്ളവരെയാണ് പ്രമേഹം പിടികൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളിലും പ്രമേഹം കണ്ടുവരുന്നുണ്ട്.10 വയസിനും 30 വയസിനും ഇടയിലുള്ള 27 % ആളുകളും പ്രമേഹത്തിന്റെ പിടിയില്‍ ആണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Read Also: എന്താണ് സാമന്തയെ ബാധിച്ച മയോസൈറ്റിസ് ? ലക്ഷണങ്ങൾ എന്തെല്ലാം ?

പ്രമേഹ മരുന്നുകള്‍ രണ്ടാം സ്ഥാനത്താണെങ്കില്‍ ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. കേരളത്തില്‍ ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ എന്നതാണ് മറ്റൊരു വസ്തുത.

ആഗോളതലത്തില്‍ പോലും പ്രമേഹബാധിതര്‍ 42.2 കോടി ആണെന്നും 2019ലെ 15 ലക്ഷം മരണങ്ങള്‍ക്കും കാരണം പ്രമേഹമാണെന്നും പറയപ്പെടുന്നുണ്ട്. അതുപോലെ 2021ലെ പ്രമേഹമരണം 67 ലക്ഷം ആണെന്നും ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ രേഖപ്പെടുത്തുന്നുണ്ട്. 2030ഓടെ 643 ദശലക്ഷമായും 2045ഓടെ 783 ദശലക്ഷമായും ഉയര്‍ന്നേക്കാം എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും രോഗം കുറക്കാന്‍ ജീവിതചര്യ മാറ്റുകയല്ലാതെ വേറെ എളുപ്പവഴികള്‍ ഇല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതമായുള്ള മധുര പലഹാരങ്ങള്‍ ഒഴിവാക്കുക, മാംസ്യവും നാരുകളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക, അന്നജം കുറഞ്ഞ ഭക്ഷണം ശീലമാക്കുക, കൃത്യമായി വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രമേഹം കുറയ്ക്കാനാകും. അമിതമായ വിശപ്പും ദാഹവും, ശരീരഭാരം പെട്ടെന്ന് കുറയുക, കാഴ്ച മങ്ങല്‍, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അമിതക്ഷീണം, തുടര്‍ച്ചയായുള്ള അണുബാധ ഇതെല്ലം ആണ് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.

Story Highlights: rise in anti-diabetic medicine sale in kerala

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement