സൺറൈസേഴ്സ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് വില്ല്യംസൺ

സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു എന്നും തനിക്ക് ഒരുപാട് നല്ല ഓർമകൾ അവിടെയുണ്ടെന്നും വില്ല്യംസൺ പറഞ്ഞു. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച വില്ല്യംസൺ ആണ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ നയിച്ചത്. (sunrisers hyderabad kane williamson)
Read Also: ഐപിഎൽ 2023: ടീമുകൾ നിലനിർത്തിയവരും ഒഴിവാക്കിയവരും
“നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ അത് അത്ഭുതപ്പെടുത്തിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. സൺറൈസേഴ്സിൽ കളിച്ച സമയം ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓർമകൾ എനിക്ക് അവിടെയുണ്ട്. ലോകത്ത് വിവിധ ടൂർണമെൻ്റുകളുണ്ട്. ഐപിഎലും അത്തരത്തിൽ വളരെ മികച്ച ഒരു ടൂർണമെൻ്റാണ്. താരങ്ങൾ പല ടീമുകളിൽ കളിക്കും.”- വില്ല്യംസൺ പറഞ്ഞു.
ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയും (14 കോടി) സൂപ്പർ താരം നിക്കോളാസ് പൂരാനെയുമടക്കം (10.75 കോടി) റിലീസ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏറ്റവുമധികം തുകയുമായാണ് ലേലത്തിനെത്തുക. ഇരുവരെയും കുറഞ്ഞ തുകയിൽ തിരിച്ചുപിടിക്കാൻ അവർ ശ്രമിച്ചേക്കും. ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബേ, ഓസീസ് പേസർ ഷോൺ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയാസ് ഗോപാൽ, സുശാന്ത് മിശ്ര, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെയും സൺറൈസേഴ്സ് റിലീസ് ചെയ്തു. ഇത്രയധികം താരങ്ങളെ റിലീസ് ചെയ്തെങ്കിലും ഒരു കോർ ഗ്രൂപ്പ് ഇപ്പോഴും ഹൈദരാബാദിനുണ്ട്. ലേലത്തിൽ സമർത്ഥമായി ഇടപെട്ടാൽ വരും സീസണിൽ ഹൈദരാബാദിന് മികച്ച ഇലവനെ അണിനിരത്താനാവും.
Read Also: പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു; ഇനി ബാറ്റിംഗ് പരിശീലകൻ
ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിലാണ് നടക്കുക. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.
ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
Story Highlights: sunrisers hyderabad kane williamson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here