മലാൻ്റെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ. 6 വിക്കറ്റിനാണ് ഓസീസിൻ്റെ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 288 റൺസിൻ്റെ വിജയലക്ഷ്യം 46.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. ഡേവിഡ് വാർണർ (86), സ്റ്റീവ് സ്‌മിത്ത് (80 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (69) എന്നിവർ ഓസ്ട്രേലിയക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി തകർപ്പൻ സെഞ്ചുറി നേടിയ ഡേവിഡ് മലാൻ്റെ (128 പന്തിൽ 134) പ്രകടനം പാഴായി. (england won australia odi)
Read Also: അണ്ടർ 19 കാലത്തെ കോലിയും സംഘവും; ഇന്ത്യൻ ടീമിൻ്റെ പാക് പര്യടനത്തിലെ വിഡിയോ വൈറൽ
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച നേരിട്ടു. ഫിലിപ് സാൾട്ട് (14), ജേസൻ റോയ് (6), ജെയിംസ് വിൻസ് (5), സാം ബില്ലിങ്ങ്സ് (17) എന്നിവർ വേഗം മടങ്ങിയപ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലേക്ക് തകർന്നു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജോസ് ബട്ലർ- ഡേവിഡ് മലാൻ സഖ്യമാണ് ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തിയത്. 52 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ബട്ലർ മടങ്ങി. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് മലാൻ നടത്തിയ ചെറുത്തുനിൽപാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. 63 പന്തിൽ ഫിഫ്റ്റിയും 106 പന്തിൽ സെഞ്ചുറിയും തികച്ച മലാൻ ആറാം വിക്കറ്റിൽ ലിയാം ഡൗസനുമൊത്ത് (11) 40 റൺസും ഏഴാം വിക്കറ്റിൽ ക്രിസ് ജോർഡനുമൊത്ത് (14) 41 റൺസും കൂട്ടിച്ചേർത്തു. എട്ടാം വിക്കറ്റിൽ ക്രീസിലെത്തിയ ഡേവിഡ് വില്ലിയുമായിച്ചേർന്ന് 60 വിലപ്പെട്ട റൺസ് കൂടി കൂട്ടിച്ചേർത്തതിനു ശേഷമാണ് മലാൻ മടങ്ങിയത്. 34 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് വില്ലിയും തിളങ്ങി. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസും ആദം സാമ്പയും 3 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അനായാസമായിരുന്നു ഓസീസ് വിജയം. ആദ്യ വിക്കറ്റിൽ ട്രാവിസ് ഹെഡും (57 പന്തിൽ 69) ഡേവിഡ് വാർണറും ചേർന്ന് 147 റൺസ് കൂട്ടുകെട്ടുയർത്തി. രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്‌മിത്തുമായിച്ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തതിനു ശേഷം വാർണർ (84 പന്തിൽ 86) മടങ്ങി. മാർനസ് ലബുഷെയ്ൻ (4) വേഗം പുറത്തായെങ്കിലും അലക്സ് കാരി (21), കാമറൂൺ ഗ്രീൻ (20 നോട്ടൗട്ട്) എന്നിവരെ കൂട്ടുപിടിച്ച് സ്‌മിത്ത് (78 പന്തിൽ 80 നോട്ടൗട്ട്) ഓസ്ട്രേലിയയെ തകർപ്പൻ ജയത്തിലേക്ക് നയിച്ചു.
Story Highlights: england won australia odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here