ജനാധിപത്യത്തിന്റെ വിജയം, തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും വരരുത്; സിൽവർ ലൈനിൽ കെ സുധാകരൻ

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി വിജയൻ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇത്തരം തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും വരരുതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹികാഘാത പഠനം ഇനിയും തൂടങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പദ്ധതി മുടങ്ങിയ സാഹചര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ തിരച്ചുവിളിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
പിണറായി വിജയനും കുടുംബത്തിനും കോടികൾ കട്ടുമുടിക്കാനുള്ള അഴിമതി റെയിൽ പദ്ധതി ഈ മണ്ണിൽ നടത്തിക്കില്ലെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് താക്കീത് ചെയ്തതാണ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി വിജയൻ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. പാവപ്പെട്ടവന്റെ കിടപ്പാടം നഷ്ടപ്പെടുത്തിയും സ്വന്തം പോക്കറ്റ് വീർപ്പിക്കാനായി ഇത്തരം തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും പിണറായി വിജയൻ വരരുത്. അല്പമെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടെങ്കിൽ കേരള പോലീസിനാൽ തെരുവിലാക്രമിക്കപ്പെട്ട അമ്മമാരോടും പെങ്ങന്മാരോടും കുഞ്ഞുങ്ങളോടും മാപ്പ് പറയാൻ പിണറായി തയ്യാറാകണം. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ നെഞ്ചുറപ്പോടെ നിന്ന് പൊരുതിയ എന്റെ പ്രിയപ്പെട്ട പ്രവർത്തകർക്ക്, സമര പോരാളികൾക്ക് വിജയാഭിവാദ്യങ്ങൾ.
Story Highlights: K Sudhakaran on Silver Line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here