കൂട്ട ബലാത്സംഗ കേസില്‍ സി ഐ പി.ആര്‍.സുനു അവധിയില്‍ പ്രവേശിച്ചു

കൂട്ട ബലാത്സംഗ കേസില്‍ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു അവധിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ തിരികെ ജോലിക്ക് ഹാജരായതോടെയാണ് അവധിയില്‍ പോകാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറായ സുനുവിന് നിര്‍ദേശം നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് പി.ആര്‍.സുനു ജോലിയില്‍ തിരികെ പ്രവേശിച്ചത്. വിവാദമായതോടെ അവധിയില്‍ പോകാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശമെത്തി. ഇതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തേക്കാണ് അവധി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തൃക്കാക്കര പൊലീസ് ചാലിയത്തെ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തത്.
Read Also: പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്
രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും മതിയായ തെളിവ് കിട്ടിയില്ലെന്ന കാരണത്താല്‍ കൊച്ചി പൊലീസ് സുനുവിനെ വിട്ടയച്ചു. എന്നാല്‍ സസ്‌പെന്‍ഷന്‍ നല്‍കുകയോ അവധിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയോ ചെയ്തില്ല. സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും രക്ഷപ്പെടാതിരിക്കാനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സുനു ഉള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്നാണ് തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതി.
Story Highlights: CI Sunu went on leave in gang rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here