തൃക്കാക്കര ബലാത്സംഗക്കേസ്; കോസ്റ്റൽ സിഐ പി.ആർ സുനുവിന് സസ്പെൻഷൻ

തൃക്കാക്കര ബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനുവിനെ സസ്പെൻഡ് ചെയ്തു. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. നോർത്ത് സോൺ ചുമതലയുള്ള കമ്മിഷണറാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
പി.ആർ സുനു പത്ത് ദിവസത്തേക്കാണ് നിർബന്ധിത അവധി എടുത്തതിന് പിന്നാലെയാണ് സേനാതലത്തിലെ നടപടി. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്ത സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശം നൽകിയിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കാണിച്ചുള്ള റിപ്പോർട്ട് നിലനിൽക്കെയാണ് ഇന്ന് വീണ്ടും ചുമതലയേറ്റെടുത്തത്. ഇത് വിവാദമായതോടെയാണ് സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് വൈകുന്നേരത്തോടെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ഒരാഴ്ച മുൻപാണ് സിഐ സുനുവിനെ തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാൽ നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് സുനു ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.
സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. 9 തവണ വകുപ്പുതല നടപടിയ്ക്കും വിധേയനായി. പത്ത് പേരെയാണ് തൃക്കാക്കര സ്വദേശിനിയുടെ പരാതിയിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു.
Story Highlights: Trikkakara rape case; PR Sunu was suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here