Advertisement

സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം; ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ

November 23, 2022
Google News 2 minutes Read
world cup spain germany

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്. (world cup spain germany)

ലോകകപ്പിലെ ആദ്യ കളി ക്രൊയേഷ്യക്ക് നിർണായകമാണ്. ആകെ അഞ്ച് തവണ ലോകകപ്പ് കളിച്ച ക്രൊയേഷ്യ മൂന്ന് തവണ ആദ്യ കളി പരാജയപ്പെട്ടു. ആ തവണയൊക്കെ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ആദ്യ കളി വിജയിച്ച രണ്ട് ലോകകപ്പുകളിൽ ക്രൊയേഷ്യ അവസാന നാലിലെത്തി. ഇതിനൊപ്പം നിലവിലെ റണ്ണേഴ്സ് അപ്പ് കൂടിയാണ് ക്രൊയേഷ്യ. റയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച് തന്നെയാണ് ക്രൊയേഷ്യയുടെ ആത്‌മാവ്. 37ആം വയസിലും നിറഞ്ഞുകളിക്കുന്ന താരത്തിൻ്റെ അവസാന ലോകകപ്പാവും ഇത് എന്നത് ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ലോകകപ്പിൽ മികച്ച താരമായിരുന്നു മോഡ്രിച്ച്. മതെയോ കൊവാസിച്, മാഴ്സലോ ബ്രൊസോവിച്, ആന്ദ്രേ ക്രെമരിച് തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ക്രൊയേഷ്യയിലുണ്ട്. മധ്യനിര തന്നെയാണ് ടീമിൻ്റെ കരുത്ത്.

ആകർഷകമായ ഫുട്ബോൾ കളിക്കുന്ന ടീമാണ് മൊറോക്കോ. ഹക്കിം സിയെച്, അച്റഫ് ഹക്കിമി എന്നിവരാണ് മൊറോക്കോയുടെ വിലാസം. യൂസുഫ് എൽ നെസിരിയും മൊറോക്കൻ മുന്നേറ്റത്തിൽ നിർണായകമാവും. തങ്ങളുടേതായ ദിവസം ഏത് വമ്പനെയും അട്ടിമറിക്കാൻ അവർക്ക് സാധിക്കും.

4 തവണ ലോക ചാമ്പ്യന്മാരായ ടീമാണ് ജർമനി. ഏത് പൊസിഷൻ എടുത്താലും മികച്ച താരങ്ങൾ. തകർപ്പൻ പരിശീലകൻ. ജയമല്ലാതെ മറ്റൊന്നും ജർമനിയുടെ പ്ലാനുകളിലുണ്ടാവില്ല. ചാമ്പ്യൻ പട്ടവുമായി റഷ്യയിലെത്തി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റുപുറത്തായെന്ന നാണക്കേടും അവർക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ, ഈ വർഷം കളിച്ച 9 മത്സരങ്ങളിൽ വെറും രണ്ടെണ്ണം മാത്രമേ ജയിക്കാനായുള്ളൂ എന്നത് ജർമനിയെ വലയ്ക്കുന്നുണ്ട്. ബയേൺ ഫോർവേഡ് തോമസ് മുള്ളർ ടീമിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരമാവുമ്പോൾ യുവതാരങ്ങളായ യൂസുഫ് മൊകോകോ, ജമാൽ മുസ്യാല എന്നിവരും ശ്രദ്ധാകേന്ദ്രങ്ങളാവും. 2014 ലോകകപ്പ് ഫൈനലിൻ്റെ അധികസമയത്ത് അർജൻ്റീനയുടെ നെഞ്ചുപിളർന്ന് ഗോൾ നേടി ജർമനിയെ ജേതാക്കളാക്കിയ മരിയോ ഗോട്സെ അഞ്ച് വർഷങ്ങൾക്കു ശേഷം ടീമിൽ തിരികെയെത്തിയിട്ടുണ്ട്.

ജപ്പാൻ അത്ര നിസാരക്കാരല്ല. ലോക ചാമ്പ്യൻഷിപ്പുകളിൽ ജപ്പാൻ മികച്ച പ്രകടനങ്ങളാണ് നടത്താറുള്ളത്. ലോകകപ്പിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഏഷ്യൻ ടീമാണ് ജപ്പാൻ. ദൈചി കമാഡ, തകുമി മിനമിനോ, റിറ്റ്സു ഡോആൻ തുടങ്ങി ശ്രദ്ധേയ താരങ്ങൾ ജപ്പാനിലുണ്ട്. ഇവരിൽ പലരും ജർമൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ്.

കാലഹരണപ്പെട്ടു എന്ന് പല ഫുട്ബോൾ പണ്ഡിറ്റുകളും വിലയിരുത്തുന്ന ടിക്കി ടാക്കയാണ് ഇപ്പോഴും സ്പെയിൻ്റെ കളിരീതി. പരമ്പരാഗത ശൈലിയിൽ നിന്ന് മാറ്റങ്ങൾ വന്നെങ്കിലും ഇപ്പോഴും ടിക്കി ടാക്ക തന്നെയാണ് സ്പെയിൻ അടിസ്ഥാനമാക്കുന്നത്. യുവത്വം നിറയുന്ന ടീം സമീപകാലത്ത് 2020 യൂറോ, കഴിഞ്ഞ യുവേഫ നേഷൻസ് ലീഗ് എന്നീ ടൂർണമെൻ്റുകളിലൊക്കെ ശ്രദ്ധേയ പ്രകടനം നടത്തി. പെഡ്രി, ഗാവി, സെർജിയോ ബുസ്കറ്റ്സ്, അൻസു ഫാറ്റി എന്നിങ്ങനെ യുവാക്കളും വെറ്ററൻസും അടങ്ങുന്ന മികച്ച ടീമാണ് സ്പെയിൻ.

ഖത്തർ ലോകകപ്പിലേക്ക് അവസാനം യോഗ്യത നേടുന്ന ടീമായിരുന്നു കോസ്റ്റാറിക്ക. കെയ്ലർ നവാസ് ആണ് കോസ്റ്റാറിക്കയുടെ വിലാസം. കാർലോസ് മാർട്ടിനസ്, സെൽസോ ബോർഗസ്, ജോഎൽ കാംപ്ബെൽ തുടങ്ങി മറ്റ് താരങ്ങളും കോസ്റ്റാറിക്കക്കായി കളിക്കും.

സുവർണനിര അണിനിരന്ന 2018ൽ നേടാനാവാതെ പോയത് നാല് വർഷങ്ങൾക്കു ശേഷം അവരൊക്കെ കരിയറിൻ്റെ അവസാനത്തിലെത്തുമ്പോൾ നേടാനാവുമോ എന്ന ആശങ്കയിലാണ് ബെൽജിയം. കെവിൻ ഡി ബ്രുയിനെ, ഏയ്ഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, തിബോ കോർട്ട്വ തുടങ്ങി താരനിര അണിനിരക്കുന്ന ബെൽജിയത്തിന് പ്രായവും മോശം ഫോമുമാണ് തിരിച്ചടി. ഹസാർഡും ലുക്കാക്കുവും പരുക്കും മോശം ഫോമും കൊണ്ട് വലയുകയാണ്. 2019ൽ റയലിലേക്ക് ചേക്കേറിയ ശേഷം വളരെ കുറച്ച് മത്സരങ്ങളിലാണ് ഹസാർഡ് കളത്തിലിറങ്ങിയത്. ലുക്കാക്കു ആവട്ടെ കഴിഞ്ഞ വർഷം വളരെ മോശം ഫോമിലായിരുന്നു.

അൽഫോൺസോ ഡേവിസ് ആണ് കാനഡയുടെ കരുത്ത്. ബെൽജിയം പ്രായത്തിൻ്റെ തിരിച്ചടി നേരിടുമ്പോൾ കാനഡ യുവത്വത്തിൻ്റെ പ്രസരിപ്പിലാണ്. ഒപ്പം, കഴിഞ്ഞ വർഷങ്ങളിൽ കനേഡിയൻ പ്രതിരോധം മികച്ച പുരോഗതി നേടുന്നുമുണ്ട്.

Story Highlights : qatar fifa world cup spain germany croatia belgium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here