തമിഴ്‌നാട്ടില്‍ ഒന്നര ലക്ഷം പേര്‍ക്ക് ചെങ്കണ്ണ്; രോഗലക്ഷണങ്ങള്‍ എന്ത്? എന്തൊക്കെ ശ്രദ്ധിക്കണം?

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചെങ്കണ്ണ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒന്നര ലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും തമിഴ്‌നാട്ടില്‍ 40,000 മുതല്‍ 45,000 വരെ ആളുകള്‍ക്കാണ് ചെങ്കണ്ണ് ബാധിക്കുന്നത്. ചെന്നൈയില്‍ മാത്രം ദിവസവും 80 മുതല്‍ 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്താണ് ചെങ്കണ്ണ്? ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയെന്ന് പരിശോധിക്കാം. (Tamil Nadu Sees 1.5 lakh Conjunctivitis Cases what are the symptoms)
എന്താണ് ചെങ്കണ്ണ്?
കണ്ണിന്റെ വെളുത്ത ഭാഗത്തെ മൂടുന്ന സുതാര്യമായ പാടയെ ബാധിക്കുന്ന അണുബാധയാണ് ചെങ്കണ്ണ്. ഈ പാടയിലെ ചെറിയ രക്തക്കുഴലുകള്‍ അണുബാധ വന്ന് വീര്‍ക്കുമ്പോള്‍ അവ കൂടുതല്‍ ദൃശ്യമാകാന്‍ തുടങ്ങും. ഇതാണ് കണ്ണ് പിങ്ക്/ ചുവപ്പ് നിറത്തിലാകാന്‍ കാരണം. ബാക്ടീയ അല്ലെങ്കില്‍ വൈറസ് ബാധയെത്തുടര്‍ന്നാണ് ചെങ്കണ്ണുണ്ടാകുന്നത്.
ലക്ഷണങ്ങള്‍
- ഒരു കണ്ണിലോ രണ്ട് കണ്ണുകളിലോ ചുവപ്പ് നിറം
- ഒരു കണ്ണിലോ രണ്ട് കണ്ണുകളിലോ ചൊറിച്ചില്‍
- കണ്ണില്‍ മണല്‍ത്തരികള്‍ ഇരിക്കുന്നതുപോലുള്ള തോന്നലും അസ്വസ്ഥതയും
- രാവിലെ എണീക്കുമ്പോള്‍ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്
- ധാരാളം കണ്ണുനീര്‍
ചെങ്കണ്ണ് ഉണ്ടാകാനുള്ള കാരണങ്ങള്‍?
വൈറസ് ബാധ
ബാക്ടീരിയ ബാധ
പൊടി, പുക, ചില ഷാംപൂ എന്നിവയോടുള്ള അലര്‍ജി
കണ്ണിലൊഴിക്കുന്ന ചില മരുന്നുകള്‍ മൂലമുളള റിയാക്ഷന്‍
പോളന്‍, ചില കെമിക്കലുകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍ എന്നിവയോടുള്ള അലര്‍ജി
Read Also: നെഞ്ചെരിച്ചില്‍ ശല്യമാകുന്നുണ്ടോ? നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പ്രതിരോധം
ചെങ്കണ്ണ് ഒരു പകര്‍ച്ച വ്യാധിയാണെങ്കിലും രോഗബാധിതരുടെ കണ്ണില്‍ നോക്കിയതുകൊണ്ടോ സംസാരിക്കുന്നതുകൊണ്ടോ ഇത് പകരില്ല. കണ്ണില്‍ സ്പര്‍ശിച്ച ശേഷം അതേ കൈകൊണ്ട് രോഗി മറ്റൊരാളെ സ്പര്‍ശിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. ദിവസത്തില്‍ എട്ട് പ്രാവശ്യമെങ്കിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
കണ്ണില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടാല്‍
ലൈറ്റുകള്‍ കണ്ണില്‍ പതിക്കുമ്പോള്‍ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടാല്‍
കാഴ്ച മങ്ങുന്നതായി തോന്നിയാല്‍
പനി, വിറയല്‍, മുഖത്തെ പേശികളില്‍ വേദന എന്നിവയുണ്ടെങ്കില്‍
Story Highlights : Tamil Nadu Sees 1.5 lakh Conjunctivitis Cases what are the symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here