നഗരസഭയിലെ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ മേയറുടെ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. ഓംബുഡ്സ്മാന്റെ കത്തിന് മറുപടി നൽകിയതിന് പിന്നാലെ ഹൈക്കോടതിക്കും കോർപ്പറേഷൻ രേഖാമൂലം മറുപടി നൽകും. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ നഗരസഭയ്ക്ക് മുന്നിൽ ഇന്നും തുടരും.
തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ കേസെടുത്ത പശ്ചാത്തലത്തിലാണ് മേയറുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികളും ഉടൻ രേഖപ്പെടുത്തും.
കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറും വാട്സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. കത്ത് ആദ്യം ഷെയർ ചെയ്യപ്പെട്ട വാട്സപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും എടുക്കും. വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാൻ നൽകിയ കത്തിന്, പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരുന്നതല്ല എന്നും അന്വേഷണം ആവശ്യമില്ല എന്നും മേയർ വിശദീകരണം നൽകിയതോടെ തുടർനടപടി എന്താകുമെന്ന് ഇന്ന് അറിയാം. ഹൈക്കോടതി നൽകിയ നോട്ടീസിനും മേയർ ഉടൻ വിശദീകരണം നൽകും.
അതേസമയം, പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. യുഡിഎഫ് – ബിജെപി നേതൃത്വത്തിൽ നഗരസഭയ്ക്ക് അകത്തും പുറത്തും സമരം തുടരുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിൽ ശശി തരൂർ എംപി പങ്കെടുക്കും. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ഇന്ന് മാർച്ച് നടത്തും.
Story Highlights : arya rajendran letter controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here