‘വാർ പോലും ഉപയോഗിച്ചില്ല, ക്രിസ്റ്റ്യാനോയുടെ ഗോൾ റഫറിയുടെ സമ്മാനം’; വിമർശിച്ച് ഘാന പരിശീലകൻ

തങ്ങൾക്കെതിരായ മത്സരത്തിൽ പോർച്ചുഗലിന് പെനാൽറ്റി നൽകിയ റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ഘാന പരിശീലകൻ ഓട്ടോ അഡ്ഡോ. പെനാൽറ്റി നൽകാൻ വാർ പോലും ഉപയോഗിച്ചില്ലെന്നും ക്രിസ്റ്റ്യാനോയുടെ ഗോൾ റഫറിയുടെ സമ്മാനമായിരുന്നു എന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് വിവാദ പെനാൽറ്റിയിൽ നിന്ന് ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത്. ടെലിവിഷൻ റീപ്ലേകളിൽ ഇത് പെനാൽറ്റി വിധിക്കാൻ തക്ക ഫൗളല്ലെന്ന് വ്യക്തമായിരുന്നു.
“അതൊരു തെറ്റായ തീരുമാനമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പന്തിലാണ് കളിച്ചത്. എന്തുകൊണ്ട് വാർ ഉപയോഗിച്ചില്ലെന്നത് അറിയില്ല. അതിനൊരു വിശദീകരണമില്ല. ശരിക്കും അത് ഞങ്ങൾക്കെതിരായ ഫൗളായിരുന്നു. ഗോളടിച്ചെങ്കിൽ അഭിനന്ദനങ്ങൾ. പക്ഷേ, അതൊരു സമ്മാനമായിരുന്നു. ഞാൻ റഫറിയോട് ഇക്കാര്യം സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല.”- ഓട്ടോ അഡ്ഡോ പറഞ്ഞു.
ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തിയത്. ആവേശ മത്സരത്തിൽ അതിശക്തരായ പോർച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 65ആം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ വിവാദ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തി. 71-ാം മിനിറ്റിൽ ഘാനയുടെ മറുപടി. ഘാന നായകൻ ആന്ദ്രെ ആയു ആണ് ഗോൾ നേടിയത്.
76-ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ രണ്ടാം ഗോൾ നേടി. പകരക്കാരനായി എത്തിയ റാഫേൽ ലിയോ 79-ാം മിനിറ്റിൽ ടീമിന് ഒരു ഗോൾ കൂടി സമ്മാനിച്ചു. എന്നാൽ, 89-ാം മിനിറ്റിൽ ഒസ്‌മാൻ ബുകാരിയിലൂടെ ഘാന വീണ്ടും ഗോൾ മടക്കി. അവസാന നിമിഷം പോർച്ചുഗീസ് ഗോൾകീപ്പറിന്റെ പിഴവ് മുതലെടുക്കാൻ ഘാനയുടെ സ്ട്രൈക്കർ ഇനാക്കി വില്യംസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Story Highlights : cristiano ronaldo goal ghana var
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here