ജയം തുടരാൻ ഇംഗ്ലണ്ടും നെതർലൻഡ്സും; ആതിഥേയരും ഇന്നിറങ്ങും

ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് ബിയിൽ വെയിൽസ് ഇറാനെ നേരിടുമ്പോൾ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആതിഥേയരായ ഖത്തർ സെനഗലിനെതിരെയും രാത്രി 9.30ന് നെതർലൻഡ്സ് ഇക്വഡോറിനെതിരെയും കളത്തിലിറങ്ങും. ഗ്രൂപ്പ് ബിയിൽ പുലർച്ചെ 12.30ന് ഇംഗ്ലണ്ട് – യുഎസ്എ മത്സരവും ഇന്ന് നടക്കും. (world cup england netherlands)
യുഎസ്എയ്ക്കെതിരെ സമനില വഴങ്ങിയാണ് വെയിൽസ് രണ്ടാം മത്സരത്തിനിറങ്ങുക. അതുകൊണ്ട് തന്നെ ഇറാനെതിരെ ജയം തന്നെയാവും വെയിൽസിൻ്റെ ലക്ഷ്യം. സൂപ്പർ താരം ഗാരത് ബെയിലിൽ തന്നെയാണ് വെയിൽസിൻ്റെ പ്രതീക്ഷകൾ. ആരോൺ റാംസിയും വെയിൽസിൻ്റെ പ്രകടനത്തിൽ നിർണായക സ്വാധീനം ചെലുത്തും. ഏതൻ അമ്പഡുവിന് പരുക്ക് ഭീഷണിയാണ്. ഡാനിയൽ ജെയിംസ് പുറത്തിരുന്നേക്കും.
ഇംഗ്ലണ്ടിനെതിരെ നാണംകെട്ട പരാജയം വഴങ്ങിയെത്തുന്ന ഇറാൻ ഇന്ന് സമനിലയെങ്കിലും പിടിക്കാനുള്ള ശ്രമത്തിലാവും. ഇംഗ്ലണ്ടിനെതിരെ ഷേപ്പ് നഷ്ടപ്പെട്ട പ്രതിരോധമാണ് ഏറെ പഴികേട്ടത്. 2-6 എന്ന സ്കോർ തന്നെ പ്രതിരോധപ്പിഴവുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കളിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. മെഹ്ദി തരേമിയുടെ ബൂട്ടുകളിൽ തന്നെയാവും ഇറാൻ്റെ പ്രതീക്ഷകൾ.
ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യ കളി തോറ്റ ആദ്യ ആതിഥേയരാജ്യമെന്ന നാണക്കേടുമായാണ് ഖത്തറിൻ്റെ വരവ്. ഇക്വഡോറിനെതിരെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടങ്ങിയ അവർക്ക് ഇന്ന് ജയിച്ചേ തീരൂ. കളിച്ച കളിയെല്ലാം പരാജയപ്പെടുകയെന്നാൽ അത് ഖത്തറിന് ഒരിക്കലും മായാത്ത മറ്റൊരു നാണക്കേടാവും. അൽമോസ് അലി, ഹസൻ അൽ ഹെയ്ദോസ് തുടങ്ങിയ താരങ്ങളിലാവും ആതിഥേയർ പ്രതീക്ഷവെക്കുക.
മറുവശത്ത് നെതർലൻഡ്സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും സെനഗൽ മികച്ച കളിയാണ് കെട്ടഴിച്ചത്. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും താരനിബിഢമായ നെതർലൻഡ്സിനെ വിറപ്പിക്കാൻ അവർക്ക് സാധിച്ചു. കടലാസിലെ കരുത്ത് പരിഗണിക്കുമ്പോൾ സെനഗൽ വിജയിക്കാനാണ് സാധ്യത.
സെനഗലിനെതിരെ കടന്നുകൂടിയെങ്കിലും ആധികാരികമായ പ്രകടനത്തിലൂടെ ലോകകപ്പിൽ വിലാസം തിരികെപിടിക്കാനാവും നെതർലൻഡ്സ് ലക്ഷ്യമിടുക. ഫ്രാങ്കി ഡിയോങ്ങ് ആവും നെതർലൻഡ്സിൻ്റെ പ്രകടനങ്ങളെ നിയന്ത്രിക്കുക. മെംഫിസ് ഡിപായ്, ഡാനിയൽ ഡംഫ്രൈസ് തുടങ്ങിയവരും ഡച്ച് പടയുടെ പ്രകടനങ്ങളിൽ സ്വാധീനം ചെലുത്തും.
ഖത്തറിനെ മറികടന്ന് ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ഇക്വഡോർ ഒരു സമനിലയ്ക്കായാവും ശ്രമിക്കുക. സൂപ്പർ താരം എന്നർ വലൻസിയയിലൂടെത്തന്നെയാവും ഇക്വഡോറിൻ്റെ ആക്രമണം.
ഇറാനെ തകർത്തുകളഞ്ഞ ഇംഗ്ലണ്ട് ജയം തുടരാനാവും ഇന്നിറങ്ങുക. യൂറോപ്യൻ ലീഗുകളിലെ സൂപ്പർ താരങ്ങൾ തോളോടുതോൾ ചേർന്ന് ആക്രമിക്കുമ്പോൾ ഇംഗ്ലണ്ടിന് അത് അപ്രാപ്യവുമല്ല. ബുക്കായോ സാക്ക, ജൂഡ് ബെല്ലിങ്ങാം എന്നീ യുവ പ്രതിഭകൾക്കൊപ്പം റഹീം സ്റ്റിർലിങ്ങ്, ഹാരി മഗ്വയർ, ഹാരി കെയ്ൻ തുടങ്ങിയ മുതിർന്ന താരങ്ങളും അണിനിരക്കുന്ന ഇംഗ്ലണ്ട് നിര ഏത് ടീമിൻ്റെയും പേടിസ്വപ്നമാണ്. എന്നാൽ, ഇറാനെതിരെ രൻട് ഗോൾ വഴങ്ങിയെന്നത് അവരുടെ പ്രതിരോധത്തെ ചോദ്യച്ചിഹ്നത്തിൽ നിർത്തുന്നു.
ഇംഗ്ലണ്ടിനെതിരെ സമനിലയെങ്കിലും നേടാനായാൽ അത് അമേരിക്കയ്ക്ക് വലിയ നേട്ടമാവും. ‘ദുർബലമായ’ പ്രതിരോധത്തെ മുതലെടുക്കുകയാവും അവരുടെ ലക്ഷ്യം. തിമ്നോത്തി വിയ്യയിൽ തന്നെയാവും അവരുടെ പ്രതീക്ഷകൾ.
Story Highlights : fifa qatar world cup england netherlands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here