പൊരുതി വീണ് ഡെൻമാർക്ക്, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക് ഗോൾ കണ്ടെത്തിയത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു.
ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 3 ഗോളുകൾ പിറന്നത്. 61 ആം മിനിറ്റിൽ എംബാപ്പേയിലൂടെ ഫ്രാൻസ് മുന്നിൽ എത്തി. മുന്നേറ്റത്തിനൊടുവില്‍ ഇടത് വിങ്ങില്‍ നിന്ന് ഒളിവര്‍ ജിറൂഡ് നല്‍കിയ പാസ് സ്വീകരിച്ച എംബാപ്പേയ്ക്ക് പിഴച്ചില്ല. കാസ്പര്‍ ഷ്‌മൈക്കേലിനേയും മറികടന്ന് വലയിൽ. 68 ആം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു.
കോർണറിൽനിന്ന് ലഭിച്ച പന്ത് കിടിലൻ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്. പിന്നാലെ ഇരു ടീമുകളും ലീഡിനായി ആക്രമിച്ചു കളിച്ചു. 72-ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന് മുന്നിലെത്താനുള്ള അവസരം കിട്ടിയെങ്കിലും മികച്ച സേവുമായി ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രക്ഷകനായി. എന്നാല്‍ 85-ാം മിനിറ്റില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്ക് പ്രതിരോധം ഒരിക്കല്‍ കൂടി ഭേദിച്ചു. എംബാപ്പേയാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. വലതുവിങ്ങിൽനിന്ന് ഗ്രീസ്മാൻ ഉയർത്തിനൽകിയ പന്ത് എംബാപ്പെ വലയിലാക്കി. ജയത്തോടെ ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ചു.
Story Highlights: Kylian Mbappe Nets Brace As France Beat Denmark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here