ഇത്ര നന്നായി കളിച്ചിട്ടും സഞ്ജുവിനെ ഒഴിവാക്കിയത് നിർഭാഗ്യകരമെന്ന് മുരളി കാർത്തിക്

ഇത്ര നന്നായി കളിച്ചിട്ടും ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് നിർഭാഗ്യകരമെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ മുരളി കാർത്തിക്. ദക്ഷിണാഫ്രിക്കക്കെതിരെ നന്നായി കളിച്ചിട്ടും സഞ്ജുവിനെ ഒഴിവാക്കി. എന്നാൽ, ഹൂഡയെ ബൗളിംഗ് സാധ്യത ആയും കൂടിയാണ് പരിഗണിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
“ബൗളിംഗ് ഓപ്ഷനുകൾ വേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യയുടെ ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവർ പന്തെറിയില്ല. അത് സഞ്ജുവിന് നിർഭാഗ്യമാണ്. അവൻ എത്ര നല്ല താരമാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടിരിക്കും. അവൻ വന്ന് നല്ല ഒരു സ്കോർ നേടും. ദക്ഷിണാഫ്രിക്കക്കെതിരെ അവൻ നന്നായി കളിച്ചു. എന്നാൽ, തുടരെ റൺസ് സ്കോർ ചെയ്തിട്ടും അവനെ മാറ്റി പന്തെറിയുമെന്നതിനാൽ ഹൂഡയെ കളിപ്പിക്കുന്നു.”- മുരളി കാർത്തിക് പറഞ്ഞു.
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു നിർണായകമായ 36 റൺസ് നേടിയിരുന്നു. 38 പന്തുകൾ നീണ്ടുനിന്ന ആ ഇന്നിംഗ്സും അഞ്ചാം വിക്കറ്റിൽ ശ്രേയാസ് അയ്യരുമൊത്തുള്ള 94 റൺസ് കൂട്ടുകെട്ടും ഇന്ത്യൻ സ്കോറിൽ നിർണായകമായി.
അതേസമയം, മഴയെതുടർന്ന് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. ഇന്ത്യൻ ബാറ്റിംഗിനിടെ മഴ പെയ്തതിനെ തുടർന്ന് കളി 29 ഓവർ വീതമായി ചുരുക്കി. എന്നാൽ, 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എടുത്തുനിൽക്കെ വീണ്ടും മഴ പെയ്യുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യ കളി ജയിച്ച ന്യൂസീലൻഡ് പരമ്പരയിൽ മുന്നിലാണ്.
Story Highlights : murali kartik sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here