Advertisement

ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയർ: കെടി ജലീൽ

November 28, 2022
Google News 2 minutes Read

വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിക്കുന്ന സംഭവമെന്ന് കെ ടി ജലീൽ എംഎൽഎ. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ആൾക്കൂട്ടാവേശത്തിൽ നടത്തുന്ന തോന്നിവാസങ്ങൾക്ക് ശിക്ഷ അനുഭവിക്കാൻ അവനവനേ ഉണ്ടാകൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.(k t jaleel about vizhinjam attack)

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിഴിഞ്ഞം ”കലാപം” നിസ്സാരമല്ല.
വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിക്കുന്ന സംഭവമാണ്. പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്.

പത്ര-ദൃശ്യ മാധ്യമങ്ങൾ ലഘൂകരിക്കാൻ കഴിയുന്നതിൻ്റെ പരമാവധി ലഘൂകരിച്ചാണ് വിഴിഞ്ഞം സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ വിരുദ്ധരോടുള്ള അവരുടെ “കരുതൽ” അപാരം തന്നെ.
നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തത് കേരളത്തിൽ ആദ്യ സംഭവമാണ്. അവിടുത്തെ സാധന സാമഗ്രികൾ നശിപ്പിച്ചത് കേട്ടുകേൾവി ഇല്ലാത്തതാണ്. പോലീസ് വാഹനങ്ങളുൾപ്പടെ പൊതുമുതൽ തകർത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. പിണറായി വിരുദ്ധ വിഷം തുപ്പുന്ന ചില പുരോഹിതൻമാരുടെ ഉള്ളിലിരിപ്പ് അവരുടെ വാക്കുകളിൽ വ്യക്തമാണ്.

35 പോലീസുകാരെയാണ് കലാപകാരികൾ അക്രമിച്ച് പരിക്കേൽപ്പിച്ചത്. പോലീസ് സ്റ്റേഷനിലെ വിലപിടിപ്പുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്. നിയമവാഴ്ച നില നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷൻ മണിക്കൂറുകൾ നിയന്ത്രണത്തിലാക്കാൻ ഒരു സംഘത്തിന് സാധിച്ചത് എന്തിൻ്റെ ബലത്തിലാണെന്ന് പ്രത്യേകം അന്വേഷിക്കണം.

മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം. ഒരു മതത്തിൻ്റെയും പേരിൽ ആരെയും അഴിഞ്ഞാടാൻ വിടരുത്. ഓരോ മത സമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാൽ ഇന്ത്യയെപ്പോലെ ഒരു ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം.

ഗെയ്ൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എതിരായി ചില മതസംഘടനകൾ രംഗത്തു വന്നത് നാം കണ്ടതാണ്. എതിർപ്പുകൾ മറികടന്ന് പദ്ധതി സർക്കാർ യാഥാർത്ഥ്യമാക്കി. അത്തരക്കാർ പറഞ്ഞതിലൊന്നും ഒരു കഴമ്പുമില്ലെന്ന് അനുഭവം ജനങ്ങളെ പഠിപ്പിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പിലായാലും സംഭവിക്കാൻ പോകുന്നത് ഗെയ്ൽ വിരുദ്ധ സമരത്തിൻ്റെ ആവർത്തനമാകും. ഒരപകടവും ആർക്കും സംഭവിക്കില്ല.
നിരർത്ഥകമായ ആശങ്കകൾ പറഞ്ഞു പരത്തി ആളുകളെ അക്രമത്തിന് പ്രചോദിപ്പിക്കുന്നവരെ സമൂഹം കരുതിയിരിക്കണം. ആൾക്കൂട്ടാവേശത്തിൽ നടത്തുന്ന തോന്നിവാസങ്ങൾക്ക് ശിക്ഷ അനുഭവിക്കാൻ അവനവനേ ഉണ്ടാകൂ.

Story Highlights : k t jaleel about vizhinjam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here