Advertisement

പൊരുതി കീഴടങ്ങി കൊറിയ; ഘാനയ്ക്ക് 3-2ന് വിജയം

November 28, 2022
Google News 2 minutes Read
south korea ghana match

പൊരുതി കളിച്ചിട്ടും ദക്ഷിണ കൊറിയക്ക് മൂന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കണ്ണീർ തോൽവി. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അത്യുജ്ജ്വലമായി പൊരുതിക്കയറിയ കൊറിയൻ പടയെ ഘാന തളച്ചിടുകയായിരുന്നു. മുഹമ്മദ് ഖുദുസ് നേടിയ ഇരട്ട ഗോളുകളാണ് ഘാനക്ക് വിലപ്പെട്ട മൂന്നു പോയന്റുകൾ നൽകിയത്. സമനില ഗോളിനായി അവസാന മിനിറ്റുകളിൽ തിരമാല കണക്കേ കൊറിയ ഇരച്ചുകയറിയെങ്കിലും ഘാനയുടെ ഗോൾ മുഖം തുളക്കാൻ സാധിച്ചില്ല. ഗ്യാ സൂങ്ങിന്റെ ഇരട്ട ഹെഡർ ഗോളുകളാണ് മത്സരത്തിൽ കൊറി​യയെ താങ്ങി നിർത്തിയത് ( south korea ghana match ).

ആദ്യ മിനുറ്റുകളിൽ ഗോൾമുഖത്തേക്ക് ഓടിക്കയറിയ കൊറിയൻ മുന്നേറ്റ നിര ഘാനയെ വിറപ്പിച്ചു. 23ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ഘാനയാണ് ആദ്യം ഗോൾകുറിച്ചത്. പ്രതിരോധ നിര താരം മുഹമ്മദ് സലിസുവിന്റെ വകമായിരുന്നു ഗോൾ. 34ാം മിനിറ്റിൽ ഘാനയെ ആവേശത്തിലാറാടിച്ച് രണ്ടാം ഗോളെത്തി. ജോർഡൻ ​അയൂ കൊറിയൻ ഗോൾമുഖത്തേക്ക് കൊടുത്ത ഉജ്ജ്വല ക്രോസിന് കൃത്യസമയത്ത് ചാടിയുയർന്ന മുഹമ്മദ് ഖുദുസിന്റെ തലയിൽ തട്ടി പന്ത് വലതുളച്ചു (2-0).

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

രണ്ടാം പകുതിയുടെ 56ാം മിനിറ്റിൽ കോം ചാങ് ഹൂന് പകരക്കാരനായെത്തിയ ലീ കാങ് കൊടുത്ത പന്ത് ഗ്യാ സൂങ് തലകൊണ്ട് ഘാനവലയിലേക്ക് തൊടുത്തു. ഗോളി​ന്റെ വീര്യത്തിൽ നിറഞ്ഞുകളിച്ച കൊറിയ മൂന്നുമിനിറ്റിന് ശേഷം കൊടുങ്കാറ്റായി അലയടിച്ചുയർന്നു. ടച്ച് ലൈനിന് തൊട്ടുടത്ത് നിന്നും ജിൻ സൂ ഉയർത്തി നൽകിയ പന്തിനെ ഉജ്ജ്വലമായി ഹെഡർ ചെയ്ത ഗ്യാ സൂങ് ഒരിക്കൽ കൂ​ടി കൊറിയയെ സ്വപ്നലോകത്തെത്തിച്ചു. ഗാലറിയിലെ കൊറിയൻ ആരാധകർ ഉന്മാദത്തോളമെത്തിയ നിമിഷങ്ങളായിരുന്നു അത്. വിജയഗോളിനായി കൊറിയ പറന്നുകളിക്കവേയാണ് ഘാനക്കായി 68ാം മിനിറ്റിൽ ഖുദുസ് ഒരിക്കൽ കൂടി അവതരിച്ചത്. കൊറിയൻ ഗോൾമുഖത്തേക്ക് ഇടതുഭാഗത്തുനിന്നും ഒഴുകിയെത്തിയ പന്ത് ഇനാകി വില്യംസ് മിസ് ചെയ്തെങ്കിലും തക്കം പാർത്തുനിന്ന ഖുദുസ് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു.

Story Highlights: south korea ghana match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here