കോട്ടയത്തെ സദാചാര ഗുണ്ടായിസം: ക്യാമ്പസില്‍ മുടിമുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സഹപാഠിയായ പെൺകുട്ടിക്ക് നേരെ കോട്ടയം നഗരത്തിൽ കയ്യേറ്റം നടന്ന സംഭവത്തിൽ കൂട്ടുകാർ മുടിമുറിച്ച് പ്രതിഷേധിച്ചു. കോട്ടയം സിഎംഎസ് കോളജ് ക്യാമ്പസിലെ കുട്ടികളാണ് മുടി മുറിച്ചും, ചങ്ങല തീർത്തും പ്രതിരോധം തീർത്തത്. അക്രമത്തിന് ഇരയായ പെൺകുട്ടിയെ പങ്കെടുപ്പിച്ചായിരുന്നു കൂട്ടുകാരുടെ പ്രതിഷേധം.
സദാചാര ആക്രമണത്തിന് ഇരയായ സഹപാഠിയെ ചേർത്ത് പിടിച്ചാണ് കോട്ടയം സിഎംഎസ് കോളജ് പ്രതിരോധ മതിൽ തീർത്തത്. കോളജ് കവാടത്തിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനികളായ അഞ്ജനയും, ഗൗരിയും സ്വന്തം മുടി മുറിച്ചാണ് പ്രിയപ്പെട്ടവർക്ക് പിന്തുണ അറിയിച്ചത്.
ക്യാമ്പസ് കവാടത്തിൽ കൈ കോർത്ത് ചങ്ങല തീർത്ത് മറ്റുള്ള കൂട്ടുകാരും ഐക്യദാർഢ്യത്തിൽ അണിനിരന്നു. ക്യാമ്പസിൻ്റെ പിന്തുണ കരുത്തായെന്നാണ് സദാചാര ആക്രമണത്ത അതിജീവിച്ച വിദ്യാർഥികൾ പ്രതികരിച്ചത്.
കഴിഞ്ഞ തിങ്കൾ രാത്രി 10 മണിക്കാണ് കോട്ടയം നഗരത്തിൽ വച്ച് സിഎംഎസ് കോളജിലെ വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം ഉണ്ടായത്. അക്രമത്തിൽ പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇരുവരും ഇന്ന് വൈകുന്നേരം ആണ് ആശുപത്രി വിട്ടത്. സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികൾ റിമാൻഡിലാണ്. നിയമ പോരാട്ടത്തിൽ കുട്ടികൾക്ക് ഒപ്പം ശക്തമായി കോളജ് മാനെജ്മെന്റും രംഗത്തുണ്ട്.
Story Highlights: Students protest on campus by cutting their hair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here