ലോക രണ്ടാംറാങ്കുകാരായ ബെൽജിയം പുറത്ത്, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ; മത്സരം സമനിലയിൽ

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ – ബെൽജിയം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ എഫ് ഗ്രൂപ്പിൽ നിന്ന് ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. മത്സരം സമനിലയിലായതോടെ ബെൽജിയം പ്രീക്വാർട്ടർ കാണാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. റാങ്കിങ്ങിൽ ലോക രണ്ടാം സ്ഥാനക്കാരാണ് ബെൽജിയം. മത്സരത്തിൽ ബെൽജിയം 16 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടാണ് ക്രൊയേഷ്യ അടിച്ചത്. ( FIFA World Cup Croatia 0-0 Belgium ).
കളി ആരംഭിച്ച് പത്ത് സെക്കന്റിനുള്ളിൽ തന്നെ ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ച് ഒരു ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. മത്സരത്തിന്റെ 15ാം മിനുറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും ‘വാർ’ പരിശോധനയിൽ ക്രൊയേഷ്യൻ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തി. ഇതോടെ അനുവദിച്ച പെനാൽറ്റിയും പാഴായി. മത്സരത്തിന്റെ അവസാനം വരെയും ഇരുടീമുകളും ഗോളടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
60ാം മിനിറ്റിൽ ബെൽജിയത്തിനായി ലുക്കാക്കു അടിച്ച ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. പിന്നീട് ക്രൊയേഷ്യ നടത്തിയ മുന്നേറ്റങ്ങളെയെല്ലാം ബെൽജിയത്തിന്റെ പ്രതിരോധ നിര ഫലപ്രദമായി തടയുകയായിരുന്നു. കളിയുടെ അവസാന നിമിഷവും ഗോൾ നേടാൻ ബെൽജിയത്തിന് സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ പോസ്റ്റിൽ ഇല്ലാത്ത സമയത്ത് ലുക്കാക്കുവിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾവര കടത്താൻ താരത്തിന് സാധിച്ചില്ല. 3-4-2-1 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയ ബെൽജിയവും 4-3-3 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയ ക്രൊയേഷ്യയും ബോൾ കൈവശം വെക്കുന്നതിൽ തുല്യ നിലവാരമാണ് പുലർത്തിയത്.
Story Highlights: FIFA World Cup Croatia 0-0 Belgium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here