മെസി എന്തുകൊണ്ട് പെനാൽറ്റികൾ പാഴാക്കുന്നു?; സ്പാനിഷ് എഴുത്തുകാരൻ്റെ നിരീക്ഷണം ശ്രദ്ധേയം

അർജൻ്റൈൻ ഇതിഹാസ താരം ലയണൽ മെസി എന്തുകൊണ്ട് പെനാൽറ്റികൾ പാഴാക്കുന്നു എന്നതിൽ ശ്രദ്ധേയമായി സ്പാനിഷ് എഴുത്തുകാരൻ ജോർഡി പുണ്ടിയുടെ നിരീക്ഷണം. 2018ൽ പുറത്തിറക്കിയ ‘മെസി; ലെസൺസ് ഇൻ സ്റ്റൈൽ’ എന്ന തൻ്റെ പുസ്തകത്തിലാണ് പുണ്ടി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പോളണ്ടിനെതിരെ മെസി പെനാൽറ്റി പാഴാക്കിയതോടെ ഇദ്ദേഹത്തിൻ്റെ നിരീക്ഷണം വീണ്ടും പ്രചരിക്കുന്നുണ്ട്. (messi jordi punti penalty)
Read Also: ‘പറഞ്ഞത് അസ്ഥാനത്തായി’; മാപ്പപേക്ഷയുമായി മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ
സ്കോർ ചെയ്യാൻ ഏറ്റവും എളുപ്പമായതിനാലാണ് മെസി പെനാൽറ്റികൾ പാഴാക്കുന്നതെന്നാണ് ജോർഡി പുണ്ടിയുടെ നിരീക്ഷണം. ഒരു വലിയ വെല്ലുവിളിയുടെ അഭാവം, തന്റെ മുന്നിൽ പ്രതിരോധമില്ലാതെ നിൽക്കുന്ന ഗോളി, പെനാൽറ്റി സ്‌കോർ ചെയ്യുന്ന പതിവ് സ്വഭാവം എന്നിവയെല്ലാം അദ്ദേഹത്തിന് എതിരാകുന്നു. ഫ്രീകിക്കെടുക്കുമ്പോൾ മുന്നിൽ ഒരു പ്രതിരോധ മതിലെങ്കിലുമുണ്ടാവും. പെനാൽറ്റിയെടുക്കുന്നത് ചിന്തിക്കാനുള്ള അവസരമാണ്. നിരവധി മാർഗങ്ങൾ, അനവധി ബദലുകൾ. പന്ത് വച്ച് ഗോളിയെ അഭിമുഖീകരിക്കുന്നതിനും കിക്കെടുക്കാനായി റഫറി വിസിലൂതുന്നതിനുമിടയിലുള്ള ഇടവേള അദ്ദേഹത്തിന് ഒരു പീഡനമായിരിക്കണം. ഒരുപാട് കാര്യങ്ങൾ തലയിലുണ്ടാവും. ഒരു നിമിഷാർദ്ധത്തിൽ തീരുമാനമെടുക്കുകയും അവബോധത്താൽ മാത്രം നയിക്കപ്പെടുകയും ചെയ്യുന്ന താരമാണ് അദ്ദേഹം എന്നും പുണ്ടി തൻ്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
Read Also: പെനാൽറ്റി അനുവദിച്ചത് മെസി ആയതിനാൽ, അർജൻ്റീനയ്ക്ക് റഫറിമാരുടെ പിന്തുണ: വിമർശനവുമായി ഇഗോർ സ്റ്റിമാച്
പോളണ്ടിനെതിരെ 38ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയാണ് മെസി പാഴാക്കിയത്. മെസിയുടെ ദുർബലമായ കിക്ക് ഇടതുവശത്തേക്ക് ചാടി പോളിഷ് ഗോളി വോയ്റ്റിക് ഷ്റ്റെൻസ്നേ രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ ലോകകപ്പുകളിൽ രണ്ട് പെനാൽറ്റികൾ പാഴാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മെസി സ്ഥാപിച്ചു. ഘാനയുടെ മുൻ സൂപ്പർ താരം അസമോവ ഗ്യാൻ ആണ് ഈ പട്ടികയിലെ മറ്റൊരു താരം. 2018ൽ ഐസ്‌ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് മുൻപ് മെസി ലോകകപ്പിൽ പെനാൽറ്റി പാഴാക്കിയത്. ഇതും ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ ലോകകപ്പിൽ രണ്ട് പെനാൽറ്റികൾ ഗോളി രക്ഷപ്പെടുത്തുന്ന ആദ്യ താരമായും മെസി മാറി.
Story Highlights: lionel messi jordi punti book penalty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here