ജീവനാണ് ഫുട്ബോൾ; തന്റെ ബസുകൾക്കെല്ലാം ഫിഫ എന്ന് പേര് നൽകി ബസ് ഉടമ

നാടെങ്ങും ഫുട്ബോൾ ലഹരിയിലാണ്. പലരീതിയിലാണ് എല്ലവരും തങ്ങളുടെ സന്തോഷത്തെ ആഘോഷിക്കുന്നത്. എന്നാൽ ഫുട്ബോളിനോടുള്ള ഇഷ്ടം മൂത്ത് തന്റെ ബസുകൾക്കെല്ലാം ഫിഫ എന്നു പേരിട്ടിരിക്കുകയാണ് മണ്ണാർക്കാട് കൊടുവാളിക്കുണ്ട് സ്വദേശിയായ മനച്ചിത്തൊടി മുഹമ്മദാലി. മുൻകാല ഫുട്ബോൾ താരം കൂടിയാണ് മുഹമ്മദാലി. പ്രവാസിയായിരുന്നു.
പിന്നീട് 2002 ലാണ് ഇദ്ദേഹം ബസ് സർവീസിലേക്ക് ഇറങ്ങുന്നത്. ചെറുപ്പത്തിലേ ബസുകളോട് കമ്പമുണ്ടായിരുന്നു. ഒരു ലോക കപ്പ് സീസണിലായിരുന്നു കുണ്ടൂർക്കുന്ന് മണ്ണാർക്കാട് റൂട്ടിലെ ആദ്യത്തെ ബസ് വാങ്ങിയത്. പിന്നീട് രണ്ടാമത് ആലോചിച്ചില്ല. ബസിന് ഫിഫ എന്ന് പേരിട്ടു. ബസുകളുടെ പേരെഴുത്തിലും ഗ്രാഫിക്സിലും വരെ ഫുട്ബോൾ ടച്ചുണ്ടായതോടെ യാത്രക്കാർക്കും ഈ പേരങ്ങ് ഇഷ്ടമായി.
മുതുകുർശി കച്ചേരിപ്പറമ്പ്, കുളപ്പാടം മണ്ണാർക്കാട് റൂട്ടുകളിൽ പീന്നീട് മറ്റു രണ്ടു സർവീസ് കൂടി ആരംഭിച്ചപ്പോഴും ബസുകളുടെ ഫിഫ എന്നുതന്നെ പേര് നൽകി. ഇപ്പോൾ ആദ്ദേഹത്തിന്റെ പേര് തന്നെ ഫിഫ മുഹമ്മദാലി എന്നായി. ഇപ്പോൾ അഖില കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റും മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹിയുമാണ് മുഹമ്മദാലി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെവൻസ് ഫുട്ബാൾ മേള സംഘടിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here