ഡ്വെയിൻ ബ്രാവോ വിരമിച്ചു; ഇനി ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകനാവും

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ ഐപിഎലിൽ നിന്ന് വിരമിച്ചു. 39കാരനായ ബ്രാവോയെ കഴിഞ്ഞ സീസണിൽ 4.40 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുകയായിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബ്രാവോ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് പരിശീലകനായി ചുമതലയേൽക്കും. താരം തന്നെ ഇക്കാര്യം അറിയിച്ചു. വരുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ബ്രാവോയെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകൾക്കായി കളിച്ച ബ്രാവോ 183 വിക്കറ്റുകളാണ് ആകെ ഐപിഎലിൽ നേടിയിട്ടുള്ളത്. ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ് ബ്രാവോ. 161 മത്സരങ്ങളിൽ 158 ഇന്നിംഗ്സുകളാണ് ബ്രാവോ കളിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളാണ് ബ്രാവോ. 129.57 സ്ട്രൈക്ക് റേറ്റിൽ 1560 റൺസും ബ്രാവോ നേടിയിട്ടുണ്ട്. രണ്ട് തവണ പർപ്പിൾ ക്യാപ്പും നേടി. ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ മാത്രം 144 മത്സരങ്ങളിൽ നിന്ന് 168 വിക്കറ്റുകൾ ബ്രാവോ നേടിയിട്ടുണ്ട്. 2012ലും 16ലും ടി-20 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസ് സംഘത്തിലെ പ്രധാനിയായിരുന്നു ബ്രാവോ.
മറ്റൊരു വിൻഡീസ് സൂപ്പർ താരം പൊള്ളാർഡും ഐപിഎലിൽ നിന്ന് വിരമിച്ചിരുന്നു. മുംബൈ ഇന്ത്യൻസിൻ്റെ താരമായിരുന്ന പൊള്ളാർഡ് ഇനി ടീമിൻ്റെ ബാറ്റിംഗ് പരിശീലകനാവും.
Story Highlights: dwayne bravo chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here