പോർച്ചുഗലിനെ ഞെട്ടിച്ച് ദക്ഷിണ കൊറിയ; ഉറുഗ്വെയ്ക്ക് മുന്നിൽ വീണ്ടും കണ്ണീരണിഞ്ഞ് ഘാന

ഏഷ്യൻ കരുത്തിനു മുന്നിൽ വിറച്ച് പോർച്ചുഗൽ. ഗ്രൂപ്പ് എച്ചിൽ ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് പോർച്ചുഗലിനെ ഞെട്ടിച്ചത്. മത്സരത്തിൽ ഏഷ്യൻ സംഘം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയെ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി. ഇതോടെ പോർച്ചുഗലിനൊപ്പം ദക്ഷിണ കൊറിയ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഉറുഗ്വെയും ഘാനയും പുറത്തായി. (south korea won portugal)
മത്സരമാകെ നിയന്ത്രിച്ചിട്ടും മൂന്ന് പോയിൻ്റ് നേടാൻ കഴിയാതെ പോയെന്നതാവും പോർച്ചുഗലിൻ്റെ വിഷമം. ബ്രൂണോ ഫെർണാണ്ടസ് അടക്കം പല പ്രമുഖർക്കും പരിശീലകൻ ഇന്ന് വിശ്രമം അനുവദിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നിറം മങ്ങിയ മത്സരത്തിൽ അഞ്ചാം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് റികാർഡോ ഹോർട്ടയാണ് പോർച്ചുഗലിൻ്റെ ഗോൾ നേടിയത്. തിരിച്ചടിയ്ക്കാൻ ദക്ഷിണ കൊറിയ കിണഞ്ഞുശ്രമിച്ചു. 17ആം മിനിട്ടിൽ കിം ജിൻ-സുയിലൂടെ അവർ സമനില പിടിച്ചെങ്കിലും അത് ഓഫ് സൈഡായി. സമനിലയ്ക്കായുള്ള ദക്ഷിണ കൊറിയയുടെ തുടർ ശ്രമങ്ങൾ 27ആം മിനിട്ടിൽ ലക്ഷ്യം കണ്ടു. ഒരു കോർണർ ക്ലിയർ ചെയ്യാൻ ശ്രമിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴച്ചു. വോളിയ്ക്ക് കാല്പാകം കിട്ടിയ പന്തിൽ കിം യോങ്ങ്-ഗ്വോൻ്റെ ക്ലിനിക്കൽ ഫിനിഷ്. ഒരു ഗോൾ വീണതോടെ സടകുടഞ്ഞെഴുന്നേറ്റ പോർച്ചുഗൽ കൊറിയൻ ഗോൾമുഖം നിരന്തരം റെയ്ഡ് ചെയ്തു. വിറ്റീഞ്ഞയിലൂടെയായിരുന്നു അവരുടെ അറ്റാക്കുകൾ.
രണ്ടാം പകുതിയിലും പോർച്ചുഗൽ തന്നെ ആധിപത്യം തുടർന്നു. എന്നാൽ, സാവധാനം ദക്ഷിണ കൊറിയയും അവസരങ്ങൾ സൃഷ്ടിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെയാണ് ദക്ഷിണ കൊറിയ ശ്രമങ്ങൾ നടത്തിയത്. അവസാന മിനിട്ടുകളിൽ പോർച്ചുഗൽ സമനിലയ്ക്കായി കളിച്ചു. ഒരു തോൽവി പോലും അടുത്ത ഘട്ടം ഉറപ്പിക്കുമെന്നതിനാൽ സമനില മതിയെന്ന മാനസികാവസ്ഥയിലായിരുന്നു അവർ. എന്നാൽ, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പോർച്ചുഗലിനെ ഞെട്ടിച്ച് ദക്ഷിണ കൊറിയ ലീഡെടുത്തു. സ്വന്തം പകുതിയിൽ നിന്ന് ഒരു കൗണ്ടർ അറ്റാക്കിൽ പന്തുമായി കുതിച്ച ഹ്യൂങ്ങ്-മിൻ സോൺ നൽകിയ ഒരു ഇഞ്ച് പെർഫക്ട് ത്രൂ ബോൾ ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിടുകയെന്നത് മാത്രമായിരുന്നു പകരക്കാരനായി എത്തിയ ഹ്വാങ് ഹീ-ചാൻ്റെ നിയോഗം. തിരിച്ചടിയ്ക്കാനുള്ള പോർച്ചുഗലിൻ്റെ ശ്രമങ്ങൾ ഫലപ്രദമായി പ്രതിരോധിച്ച അവർ ഒരു ജയവും പ്രീക്വാർട്ടറുമായി മടങ്ങി. രണ്ടാം പകുതിയിൽ പോർച്ചുഗലിന് ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് തൊടുക്കാനായില്ല.
ദക്ഷിണ കൊറിയയുടെ ജയം ഉറുഗ്വെയുടെ സാധ്യതകളാണ് തകർത്തത്. ഘാനയെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയെങ്കിലും അവർ പ്രീ ക്വാർട്ടറിലെത്താതെ പുറത്തായി. 26,32 മിനിട്ടുകളിൽ ജോർജിയൻ ഡെ അരസ്കയെറ്റ നേടിയ ഗോളിലാണ് മുൻ ചാമ്പ്യന്മാർ ജയിച്ചുകയറിയത്. ഈ രണ്ട് ഗോളുകൾ മാത്രമാണ് ഉറുഗ്വെ ഈ ലോകകപ്പിൽ നേടിയത്. കൊറിയയ്ക്കും ഉറുഗ്വെയ്ക്കും 0 ഗോൾ വ്യത്യാസമാണ് ഉള്ളതെങ്കിലും ലോകകപ്പിൽ ആകെ നാല് ഗോളടിച്ച കൊറിയ അടുത്ത ഘട്ടത്തിലെത്തുകയായിരുന്നു. ഒരു ഗോൾ കൂടി നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ഗോൾ വ്യത്യാസത്തിൻ്റെ മികവിൽ ഉറുഗ്വെ അടുത്ത ഘട്ടത്തിൽ എത്തുമായിരുന്നു. 90 മിനിട്ട് വരെ പ്രീ ക്വാർട്ടറിൽ ഉറപ്പിച്ചിരുന്ന തങ്ങൾ അവസാന നിമിഷം പുറത്തായത് കണ്ണീരണിഞ്ഞാണ് സുവാരസ് ഉൾക്കൊണ്ടത്.
Story Highlights: south korea won portugal qatar fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here