Advertisement

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

December 2, 2022
3 minutes Read

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബർ മൂന്ന് മുതൽ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായിക മേള നടക്കുക. നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം അരുളുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്‌സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫിഷ്യൽസും ഈ മേളയിൽ പങ്കെടുക്കും.

86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വര്‍ഷം മുതല്‍ www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി 38 മത്സര ഇനങ്ങള്‍ സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് നടത്തുന്നത്. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 07.00 മുതല്‍ 11.00 വരെയും ഉച്ചയ്ക്ക് 01.00 മുതല്‍ 05.00 വരെയും ഡിസംബര്‍ 4-ന് രാവിലെ 06.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 04.10 മുതല്‍ രാത്രി 08.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 06.30 മുതല്‍ 12.00 വരെയും വൈകുന്നേരം 03.20 മുതല്‍ 08.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 06.30 മുതല്‍ വൈകുന്നേരം 04.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈല്‍ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.

Story Highlights: State school sports fair starts tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top