നിലക്കലിലും പമ്പയിലും കെഎസ്ആർടിസി ബസിൽ കയറാൻ തീർഥാടകരുടെ വൻതിരക്ക്; അടിയന്തര നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്

നിലക്കലിലും പമ്പയിലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്കിനെ തുടർന്ന് അടിയന്തര നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇവരെ ബസ്സിന്റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ( KSRTC bus at Sabarimala High Court order ).
നിലയ്ക്കല്‍ – പമ്പാ ബസ് പാതയില്‍ സൗജന്യ വാഹന സൗകര്യം ഒരുക്കാമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച നോട്ടീസിൽ മറുപടി നല്‍കണമെന്നാണ് ആവശ്യം. സാമ്പത്തിക – ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തര്‍ക്ക് സൗജന്യമായി യാത്ര ഒരുക്കുമെന്നാണ് വിഎച്ച്പി അറിയിച്ചത്. ജസ്റ്റീസ് അനില്‍ നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്മാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം നേരത്തെ രംഗത്തെത്തിയിരുന്നു. സർക്കാർ വകുപ്പുകൾ അനുവാദം തന്നാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ ഈ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു.
തീർത്തും സൗജന്യമായി നടപ്പാക്കുന്ന സേവന പ്രവർത്തനത്തിനു വേണ്ട അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് നിവേദനം നൽകിയിരുന്നു. ഇതിന് അനുകൂലമായ ഉത്തരവ് ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചത്.
Story Highlights: KSRTC bus at Sabarimala High Court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here