സന്ദർശനത്തിന് രാഷ്ട്രീയമില്ല; പാർട്ടിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ലെന്നും ശശി തരൂർ

തന്റെ സന്ദർശനത്തിന് രാഷ്ട്രീയമില്ലെന്ന് ശശി തരൂർ എംപി. സന്ദർശനം ബന്ധം സ്ഥാപിക്കാൻ വേണ്ടിയാണ്. യൂത്ത് കോൺഗ്രസ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനമാകുന്നത് എന്ന് തരൂർ ചോദിച്ചു.
യൂത്ത് കോൺഗ്രസിന് പ്രോത്സാഹനം കൊടുക്കാനാണ് വന്നത്. എന്റെ ഭാഗത്തുനിന്ന് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. അറിയിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞത് എന്താണെന്ന് കണ്ടെത്തണം. പാർട്ടിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായി കരുതുന്നില്ല. താൻ പലയിടത്തും പോയപ്പോൾ ഇല്ലാത്ത വിവാദം ഇപ്പോൾ എന്തിനാണെന്ന് ശശി തരൂർ ചോദിച്ചു.
പരിപാടി ഡിസിസിയെ അറിയിച്ചു എന്ന ശശി തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്നായിരുന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രതികരണം. തരൂരിന്റെ ഓഫിസിൽ നിന്ന് എന്ന പേരിൽ ഒരു ഫോൺ കോൾ വന്നു. എന്നാൽ ഒരു കാര്യവും വിശദീകരിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
ഔദ്യോഗികമായി അറിയിപ്പ് നൽകിയില്ല. അദ്ദേഹവുമായി ഇന്ന് വേദി പങ്കിടില്ലെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. എന്നാൽ ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ.ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളുവെന്ന് ശശി തരൂർ പറഞ്ഞു. കോട്ടയത്തെ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡോ.ശശി തരൂർ വ്യക്തമാക്കി. ‘എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. പരിപാടിയിൽ വരാത്തവർ വരേണ്ട. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപെടേണ്ട’- ശശി തരൂർ പറഞ്ഞു.
അതേസമയം, കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന ശശി തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും പങ്കെടുക്കില്ല. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പരാതി പരിഗണിച്ചു പരിപാടിയിൽ പങ്കെടുക്കില്ലെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ പര്യടനത്തിൽ എഐസിസിക്കും അച്ചടക്ക സമിതി അധ്യക്ഷനും പരാതി നൽകുമെന്ന് നാട്ടകം സുരേഷും വ്യക്തമാക്കി.
Story Highlights: not worked against the party Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here