Advertisement

സജി ചെറിയാന്റെ വിവാദ പ്രസം​ഗം; കേസിൽ തെളിവില്ലെന്ന് പൊലീസ്, കേസ് അവസാനിപ്പിക്കാൻ നീക്കം

December 4, 2022
Google News 2 minutes Read
Saji Cheriyan's Speech Police have no evidence

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ കേസ് അവസാനിപ്പിക്കാൻ കേരള പൊലീസിന്റെ നീക്കം. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പൊലീസിന്റെ വാദം. ഇക്കാര്യം അറിയിച്ച് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകി. സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പിക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ( Saji Cheriyan’s Speech Police have no evidence ).

കേസെടുത്തത് ഏത് വകുപ്പുകള്‍ പ്രകാരമാണോ, അത് തെളിയിക്കുന്നതിനുള്ള എവിഡൻസില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതുകൂടി ചേര്‍ത്താവും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടച്ചക്രം എന്നാണ് സജി ചെറിയാന്‍ സംബോധന ചെയ്തത്. തൊഴില്‍ സമരങ്ങള്‍ അംഗീകരിക്കാത്ത, തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സജി ചെറിയാന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍, ചോദ്യം ചെയ്യലിന് സജി ചെറിയാനെ വിളിപ്പിക്കാതെയും ശാസ്ത്രീയമായ അന്വേഷണം നടത്താതെയും മെല്ലെപ്പോക്ക് തുടർന്ന പൊലീസ്, കേസ് നില്‍നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച പരാതിക്കാരന് നോട്ടീസ് നല്‍കുകയായിരുന്നു. പ്രസംഗത്തിന്റെ വിഡിയോയും സജി ചെറിയാന്റെ ശബ്ദസാംപിളും പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തുനിഞ്ഞിരുന്നില്ല.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുന്‍ മന്ത്രി സജി ചെറിയാനെതിരായ പൊലീസ് അന്വേഷണം നിഷ്‌ക്രിയമാണെന്ന് പരാതിക്കാരനായ അഡ്വ. ബൈജു നോയൽ ആരോപിക്കുന്നു. സിബിഐ കേസ് അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പരാതിക്കാരനായ അഡ്വ. ബൈജു നോയൽ ട്വന്റി ഫോറിനോട് പറഞ്ഞു. പൊലീസിന്റെ അന്വേഷണം ശരിയായ വിധം നടന്നിട്ടില്ലെന്നതിൽ തർക്കമില്ല. തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിൾ പോലും ഇതുവരെ എടുത്തിട്ടില്ല. സർക്കാരിന് കീഴിലുള്ള പൊലീസിന് ഇക്കാര്യത്തിൽ ക്രിയാത്മകമായി അന്വേഷണം നടത്താൻ കഴിയില്ല.

രണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏല്പിക്കുകയാണ് വേണ്ടത്. ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് സജി ചെറിയാൻ ചെയ്തത്. ഇക്കാര്യത്തിൽ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ അഡ്വ. ബൈജു നോയൽ ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights: Saji Cheriyan’s Speech Police have no evidence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here